മുഖ്യമന്ത്രിയെ ഇന്നും തീരുമാനിക്കാനായില്ല; തീരുമാനം ഹൈക്കമാന്‍ഡിന്; വിഭാഗീയത അവസാനിപ്പിക്കണം; കടുത്ത നിലപാടുമായി വി.ഡി

0
34

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയായി കെ.സി വേണുഗോപാലിന്റെ പേര് നിര്‍ദേശിച്ച് ഹൈക്കമാന്‍ഡ് നീക്കം. മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായില്ല. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനം എന്തായാലും ഇന്നുണ്ടാവില്ല. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന മണിക്കൂറുകള്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചയിലും മുഖ്യമന്ത്രിയെ സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനായില്ല. തീരുമാനം ഇന്നില്ലെന്നും ഹൈക്കമാന്‍ഡ് വൈകാതെ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള സംഘടനാ ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി അറിയിച്ചു. വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍ എന്നിവരും ദീപയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിന്റെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹൈക്കമാന്‍ഡ് നീക്കത്തില്‍ വി.ഡി സതീശന്‍ കടുത്ത അതൃപ്തി അറിയിച്ചതായാണ് സൂചന. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നേതൃത്വം ഏല്‍പ്പിച്ച ചുമതല ഭംഗിയായി നിര്‍വഹിച്ചു. തന്നെ ഏല്‍പ്പിച്ച ദൗത്യം നിറവേറ്റി. മുഖ്യമന്ത്രി സ്ഥാനമില്ലെങ്കില്‍ മന്ത്രി സഭയിലേക്ക് ഇല്ല എന്ന നിലപാടാണ് വി.ഡി സതീശന്‍ സ്വീകരിക്കുന്നത്. വേണ്ടി വന്നാല്‍ പറവൂര്‍ ഒഴിഞ്ഞ് കെ.സിയെ മത്സരിപ്പിക്കാമെന്നും സതീശന്‍ നിലപാടെടുത്തിട്ടുണ്ട്. എംഎല്‍എമാരുടെ കൂടുതല്‍ പിന്തുണ മാനദണ്ഡമാക്കിയാണ് ഹൈക്കമാന്‍ഡ് കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട്. വഴങ്ങിയാല്‍ മറ്റു സംസ്ഥാനങ്ങളിലും സമാന സാഹചര്യമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. അതേസമയം, ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്ന് ലീഗ് നേതൃത്വം നിലപാട് അറിയിച്ചിട്ടുണ്ട്. അതിനിടെ കാന്തപുരം സമസ്ത വിഭാഗവും കെ.സി വേണുഗോപാലിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പദം ഇല്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ല എന്ന ശക്തമായ നിലപാടിലാണ് വി.ഡി സതീശന്‍.

അതേസമയം. തിരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവസമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എഐസിസി നിരീക്ഷകരായി തെരഞ്ഞെടുക്കപ്പെട്ട മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കേരളത്തിലെത്തി ചര്‍ച്ച മടങ്ങിയിട്ട് ഒരു ദിവസം പിന്നിട്ടു. ഇപ്പോഴും ഒറ്റപ്പേരിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല. വി ഡി സതീശനായി പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ കെപിസിസിക്ക് ഇടപെടേണ്ടി വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here