ഒന്നാം നമ്പര്‍ ശത്രു ബിജെപി; പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മമത ബാനര്‍ജി

0
37

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. ബിജെപിയെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മമതാ ബാനര്‍ജി ആഹ്വാനം ചെയ്തു. ബിജെപിക്കും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും എതിരെ പോരാടാന്‍ പശ്ചിമ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് മമത ആവശ്യപ്പെട്ടു. 15 വര്‍ഷത്തെ ഭരണത്തിന് ശേഷം ടിഎംസിയില്‍ നിന്ന് സംസ്ഥാനത്തിന്റെ ഭരണം പിടിച്ചെടുത്ത ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ദേശീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റെക്കെട്ടായി നില്‍ക്കണമെന്നാണ് മമത ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണങ്ങള്‍ക്കിടയിലും, ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കൂ എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പ്രതിപക്ഷ സഖ്യത്തിനുള്ളിലെ ഭിന്നതകള്‍ വ്യക്തമാക്കുന്നതാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മമതയുടെ പുതിയ നീക്കം.

ഇടതുപക്ഷക്കാരും അതിതീവ്ര ഇടതുപക്ഷക്കാരും ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിക്കെതിരെ സഖ്യം രൂപീകരിക്കാന്‍ ഒന്നിക്കണമെന്നും മമത ആവശ്യപ്പെട്ടു. ദേശീയ പാര്‍ട്ടികളും തന്റെ സംയുക്ത സഖ്യത്തില്‍ ചേരണമെന്ന് മമത അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി താനുമായി ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സംസാരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ വിജയത്തിന് ശേഷം സംസ്ഥാനത്തുടനീളം ടിഎംസി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും എതിരെ അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മമത ആരോപിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here