

ടെഹ്‌റാന്‍: രണ്ടുമാസത്തിലധികമായി പശ്ചിമേഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന അമേരിക്ക ഇറാന്‍ യുദ്ധം അവസാനിച്ച് മേഖല സമാധാനത്തിലേക്ക് കടക്കുന്നു എന്ന് സൂചന. യുദ്ധം അവസാനിപ്പിക്കുന്നതിന് യു.എസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്, ഇറാനു മുന്നില്‍ വച്ച നിര്‍ദേശങ്ങള്‍ക്ക് ഇറാന്‍ യു.എസിന് മറുപടി നല്‍കി. മധ്യസ്ഥ രാഷ്ട്രമായ പാകിസ്താന്‍ വഴിയാണ് ഇക്കുറി ഇറാന്‍, യു.എസിന് മറുപടി നല്‍കിയിട്ടുള്ളത്.
യുദ്ധം അവസാനിപ്പിക്കുന്നതിനും ഗള്‍ഫ് മേഖലയിലും ഹോര്‍മുസ് കടലിടുക്കിലും സമാധാനവും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയാണ് ഇറാന്റെ മറുപടിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്ങനെ യുദ്ധം അവസാനിപ്പിക്കണം, എങ്ങനെ പൂര്‍ണ ഉടമ്പടിയില്‍ എത്താം, യുദ്ധം വീണ്ടും നടക്കില്ലെന്ന് എങ്ങനെ ഉറപ്പുവരുത്താം എന്നീ കാര്യങ്ങളാണ് നിര്‍ദേശങ്ങളില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യങ്ങളില്‍ തീരുമാനമായാല്‍ ഹോര്‍മുസ് കടലിടുക്കിനെ സംബന്ധിച്ചുള്ള കാര്യങ്ങളിലും വ്യക്തത വരുത്തും.
എന്നാല്‍ കടലിടുക്ക് നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍ ഇറാന്റെ മറുപടിയില്‍ എന്തെല്ലാമാണ് ഉള്ളത് എന്നതില്‍ ഇതുവരെയും കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.









