വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു.പ്രതിഭ; മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് പരാതി; പാര്‍ട്ടിയുടെ അനുമതി തേടി

0
19

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ യു.പ്രതിഭ പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. നിയമ നടപടി സ്വീകരിക്കുന്നതിന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ അനുമതി തേടിയിരിക്കുകയാണ് പ്രതിഭ. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മകനെ വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്നാണ് യു.പ്രതിഭയുടെ പരാതി. എന്നാല്‍, ജില്ലാ നേതൃത്വം ഇതിന് മറുപടി നല്‍കിയിട്ടില്ല. കായംകുളം മുന്‍ എംഎല്‍എ ആണ് യു പ്രതിഭ.

തെരഞ്ഞെടുപ്പില്‍ തനിക്കെതിരെ വെള്ളാപ്പള്ളി പ്രവര്‍ത്തിച്ചു എന്നായിരുന്നു യു.പ്രതിഭ പറഞ്ഞത്. ഇതിനു മറുപടിയായാണ് വെള്ളാപ്പള്ളി നടേശന്‍ പ്രതിഭയെയും മകനെയും അപമാനിച്ച് സംസാരിച്ചത്. പ്രതിഭ ജയിക്കാന്‍ അര്‍ഹയല്ലെന്നും മകന്‍ കഞ്ചാവ് കച്ചവടത്തിന് പോയപ്പോള്‍ ഓര്‍ക്കണമായിരുന്നെന്നുമാണ് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പ്രതിഭ പാര്‍ട്ടിയുടെ അനുമതി തേടിയിരിക്കുന്നത്.

അമ്പലപ്പുഴ എംഎല്‍എയും പ്രോടേം സ്പീക്കറുമായ ജി.സുധാകരനെതിരെയും യു.പ്രതിഭ രംഗത്തെത്തി. കായംകുളത്ത് തന്നെ തോല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന്‍ പലരെയും ഫോണില്‍ വിളിച്ചതായി പ്രതിഭ പറഞ്ഞു. അമ്പലപ്പുഴയിലും സുധാകരന്‍ ഇതേ പണി ചെയ്തു. ഇയാള്‍ എന്താ കുട്ടിച്ചാത്തന്‍ ആണോ എന്നും യു പ്രതിഭ ചോദിച്ചു. 2021ല്‍ ജി സുധാകരന്‍ സ്ഥാനാര്‍ത്ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. എന്നിട്ടും പാര്‍ട്ടി ഈ വിവരം ജനങ്ങളോട് മറച്ചുവെച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരന്‍ തന്നതെന്നും പ്രതിഭ വിമര്‍ശിച്ചു. ജില്ലാ കമ്മിറ്റിയില്‍ തന്നെയായിരുന്നു ഇക്കാര്യവും പ്രതിഭ ഉന്നയിച്ചത്.

വെള്ളാപ്പള്ളി നടേശനെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വെളളാപ്പളളി നടേശന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്നും വെളളാപ്പളളിയെ തിരുത്താതെയുളള കൂട്ടുകെട്ട് ഇടതുപക്ഷത്തെ തകര്‍ച്ചയില്‍ എത്തിക്കുമെന്നുമാണ് വിമര്‍ശനമുയര്‍ന്നത്. വെളളാപ്പളളി നടേശനുമായുളള കൂട്ടുകെട്ട് തുടര്‍ന്നത് പാര്‍ട്ടിയുടെ മതനിരപേക്ഷതക്ക് മങ്ങലേല്‍പ്പിച്ചുവെന്നും വെളളാപ്പളളിയുടെ നിലപാടുകള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here