
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കള്‍ മോഷണം പോയി. സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. കോടികൾ വിലയുള്ള അമൂല്യവസ്തുക്കളാണ് പലപ്പോഴായി കാണാതായത്.
ക്ഷേത്രത്തിൽ നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള അമൂല്യവസ്തുക്കളും സ്വർണ്ണവും വജ്രവും അടക്കമുള്ളവ ഇടയ്ക്കിടെ മോഷണം പോകുന്നതായി സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ കാണിക്കയായി ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും നാണയങ്ങളുമാണ് കാണാതായത്.
മാത്രമല്ല ശ്രീകോവിലിനുള്ളില്‍ സൂക്ഷിക്കുന്ന വജ്രാഭരണമായ വൈര നമ കുറച്ച് നാളുകളായി കാണാനില്ല. ആറു മാസമായി ഈ ആഭരണം കാണാനില്ല. അതുപോലെ സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും, അത് പിന്നീട് കാണാതായി. പകരം ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചില ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും രാജകുടുംബവുമായി അടുപ്പമുള്ളവരും മറ്റൊരു പ്രവേശന കവാടത്തിലൂടെ സുരക്ഷാ പരിശോധനകൾ ഒഴിവാക്കി ക്ഷേത്രത്തിലേക്ക് കടക്കുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റലിജൻസ് മേധാവി നടത്തിയ ആഭ്യന്തര ഓഡിറ്റിലും അന്വേഷണത്തിലുമാണ് അതീവ ഗുരുതരമായ ഈ മോഷണവിവരങ്ങൾ പുറത്തുവന്നത്.







