
കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ ഗുണ്ട കടന്നു കളഞ്ഞു
തിരുവനന്തപുരം: കഠിനംകുളത്ത് ഓട്ടം വിളിച്ച യൂബർ ടാക്സി ഡ്രൈവറെ കബളിപ്പിച്ച് കാറുമായി കുപ്രസിദ്ധ ഗുണ്ട കടന്നുകളഞ്ഞു. പുതുക്കുറിച്ചി സ്വദേശിയായ സുഹൈൽ കനി (32) ആണ് വാഹനം തട്ടിയെടുത്തത്. ബുധനാഴ്ച വെളുപ്പിന് അഞ്ചുമണിയോടെയാണ് സംഭവം.യൂബർ വഴി കാർ ബുക്ക് ചെയ്ത് കയറിയ പ്രതി, പെരുമാതുറ ജംഗ്ഷനിൽ എത്തിയപ്പോൾ സുഹൃത്തുക്കൾ എത്തുവാൻ ഉണ്ടെന്ന് പറഞ്ഞ് ഡ്രൈവറോട് കാർ നിർത്തിയിടാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഡ്രൈവർ സമീപത്തെ കടയിൽ ചായ കുടിക്കാനായി ഇറങ്ങിയ സമയം നോക്കി സുഹൈൽ കാറുമായി വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ കഠിനംകുളം പോലീസിൽ വിവരമറിയിച്ചു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ കാപ്പ നിയമപ്രകാരം നാടുകടത്തൽ ശിക്ഷയും ആറുമാസം തടവും അനുഭവിച്ച വ്യക്തിയാണ്. കാർ തട്ടിയെടുക്കുന്നതിന് തൊട്ടുമുൻപ്, ചൊവ്വാഴ്ച രാത്രിയിൽ ഇയാൾ മൂന്നുപേരെ മർദ്ദിക്കുകയും ബ്ലേഡ് കൊണ്ട് ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിൽ ഗുരുതരമായി പരിക്കേറ്റ പുതുക്കുറിച്ചി സ്വദേശി ഷറഫുദ്ദീൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിരയായ മറ്റ് രണ്ടുപേർ സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.വ്യാജ അക്രമ സംഭവത്തിൽ പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാൾ യൂബർ കാറുമായി കടന്നുകളഞ്ഞത്. തുടർന്നുള്ള പരിശോധനയിൽ വർക്കല ഭാഗത്തേക്കാണ് കാർ കൊണ്ടുപോയതെന്ന് മനസ്സിലാക്കിയ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. അതിനിടെ വാഹനം ചെറിയതുറ ഭാഗത്തുനിന്നും പോലീസ് കണ്ടെത്തിയതായാണ് വിവരം. പ്രതിക്കായി തിരുവനന്തപുരം റൂറൽ പോലീസ് വലവീശിയിട്ടുണ്ട്.







