
സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന് സമർപ്പിച്ചു
കഴക്കൂട്ടം: കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ വനിതാ ബറ്റാലിയൻ അംഗങ്ങൾ പര്യാപ്തരാണെന്നും വനിതകൾ കേരള പൊലീസിന്റെ അഭിമാനമാണെന്നും സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ. മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിൽ നടപ്പിലാക്കിയ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളോട് സൗഹാർദപരമായി പെരുമാറാനും അവർക്ക് നീതി ഉറപ്പാക്കാനും സേനാംഗങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും ഡി.ജി.പി ഓർമിപ്പിച്ചു. വനിതാ സേനാംഗങ്ങളുടെ ക്ഷേമവും പരിശീലനവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ബറ്റാലിയനിൽ തുടക്കമിട്ടിരിക്കുന്നത്. സ്വയംരക്ഷാ പരിശീലനത്തിനായുള്ള ‘ശക്തി ഹാൾ ’, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘പ്രജ്ഞ ലേണിംഗ് സെന്റർ’ സ്മാർട്ട് ക്ലാസ്റൂം, സേനാംഗങ്ങൾക്ക് കൗൺസിലിങ്ങിന് സൗകര്യമൊരുക്കുന്ന ‘അഭയ ക്ലിനിക്ക്’, ബറ്റാലിയന്റെ പുതിയ വെബ്സൈറ്റ് എന്നിവ അദ്ദേഹം നാടിന് സമർപ്പിച്ചു. സേനാംഗങ്ങളുടെ ജന്മദിനം പരിസ്ഥിതി സൗഹൃദമായി ആഘോഷിക്കുന്ന ‘ബർത്ത് ഡേ ട്രീ’ പദ്ധതിക്കും ചടങ്ങിൽ തുടക്കമായി. ഉദ്യോഗസ്ഥരുടെ ജന്മദിന വിവരങ്ങൾ കൺട്രോൾ റൂം സ്ക്രീനിൽ പ്രദർശിപ്പിക്കുകയും അവരുടെ നേതൃത്വത്തിൽ ബറ്റാലിയൻ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്യുന്നതാണ് ഈ പദ്ധതി. കൂടാതെ, ഓരോ മാസവും മികച്ച സേവനം കാഴ്ചവയ്ക്കുന്ന സേനാംഗങ്ങളെ ആദരിക്കുന്ന ‘വീരാംഗനാ വാൾ’ പദ്ധതിയുടെ ഉദ്ഘാടനവും ബറ്റാലിയൻ അംഗങ്ങൾക്കായി പ്രത്യേകമായി രൂപകല്പന ചെയ്ത ടി-ഷർട്ടിന്റെ പ്രകാശനവും സംസ്ഥാന പൊലീസ് മേധാവി നിർവഹിച്ചു. ചടങ്ങിന്റെ ഭാഗമായി യങ് ഇന്ത്യ സ്വയംരക്ഷാ പരിശീലകരെയും ഹാറ്റ്സിന്റെ കൗൺസലിംഗ് സംഘത്തെയും ആദരിക്കുകയും സേനാംഗങ്ങളുടെ സ്വയംരക്ഷാ പരിശീലന പ്രദർശനം നടക്കുകയും ചെയ്തു. ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി.ഐ.ജിയുടെ അധിക ചുമതലയുള്ള ഡോ. ജെ. ഹിമേന്ദ്രനാഥ്, വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് അഞ്ജലി ഭാവന, കേരള ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റ് കെ.ഇ. ബൈജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







