ചണ്ഡീഗഡ്: സ്കൂളുകളിൽ ‘ഗുഡ് മോണിങ്’ ഒഴിവാക്കാനൊരുങ്ങി ഹരിയാന വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ ഗുഡമോര്‍ണിംഗിന് പകരം ‘ജയ് ഹിന്ദ്’ ഉപയോഗിക്കാന്‍ നിർദേശം നൽകിയെന്നാണ് പുറത്തുവരുന്ന വിവരം. സ്വാതന്ത്ര്യദിനം മുതലായിരിക്കും ഈ മാറ്റം വരിക.
ഹരിയാന സ്കൂൾ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എല്ലാ ജില്ലാ-ബ്ലോക്ക് തലങ്ങളിലെ വിദ്യാഭ്യാസ ഓഫീസർമാർക്കും പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ഇത് സംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. കുട്ടികൾക്കിടയിൽ ദേശസ്നേഹവും രാജ്യത്തെക്കുറിച്ചുള്ള അഭിമാനവും വളർത്തുകയാണ് ലക്ഷ്യമെന്നാണ് സർക്കുലറിൽ പരാമര്ശിച്ചിരിക്കുന്നത്.
അതെ സമായം ഇത് നിർബന്ധമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. ഇത് കേവലം നിർദ്ദേശം മാത്രമാണെന്നും പാലിച്ചില്ലെങ്കിൽ ശിക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളൊന്നുമില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.