spot_imgspot_img

സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഇഡിസി സെന്‍ററുകള്‍ വരുന്നു

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ (ഐഇഡിസി) വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. കെഎസ് യുഎം സമര്‍പ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് അനുമതി നല്കിയത്. ആയിരത്തോളം സ്ഥാപനങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ.

ബിരുദതലത്തില്‍ തന്നെ സ്റ്റാര്‍ട്ടപ്പ് അവബോധം സൃഷ്ടിക്കാനും സംരംഭക അഭിരുചിയുള്ളവരെ കണ്ടെത്താനും ലക്ഷ്യമിട്ട് കെഎസ് യുഎം ആവിഷ്കരിച്ച പദ്ധതിയാണ് ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍.

മെഡിക്കല്‍-കാര്‍ഷിക ശാസ്ത്ര പഠനം മുതല്‍ പോളിടെക്നിക്, എന്‍ജിനീയറിങ് തുടങ്ങി സംസ്ഥാനത്തൊട്ടാകെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 502 ഓളം ഐഇഡിസികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഉത്തരവ് പ്രകാരം എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകള്‍ക്ക് പുറമെ ആര്‍ട്സ് & സയന്‍സ്, മ്യൂസിക്, ലോ, ഫൈന്‍ ആര്‍ട്സ്, ട്രെയിനിംഗ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജുകള്‍, മറ്റ് കോളേജുകള്‍ എന്നിവിടങ്ങളിലും ഐഇഡിസികള്‍ ആരംഭിക്കാനാകും. ഇതുസംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കി.

ഐഇഡിസി പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ കൂടുതല്‍ മുന്നോട്ട് നയിക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ വിപണനം ചെയ്യാവുന്ന ഉത്പന്നങ്ങളാക്കി മാറ്റുന്നതിനുള്ള വിപുലമായ അവസരമാണ് പദ്ധതിയിലൂടെ തുറന്നു കിട്ടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഇന്നൊവേഷന്‍ ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഐഇഡിസികള്‍ക്ക് അക്രഡിറ്റേഷന്‍ നല്കുക. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഐഇഡിസികള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഗ്രാന്‍റ് നല്‍കും. കോളേജുകളിലെ ഐഇഡിസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് ലീപ് കോ-വര്‍ക്കിംഗ് സ്പെയ്സായും മാറ്റാനാകും. ഐഇഡിസികള്‍ക്കായി കെഎസ് യുഎം ജില്ലാതല ക്ലസ്റ്ററുകള്‍ രൂപീകരിക്കും.

കോളേജുകളില്‍ കുറഞ്ഞത് 1000 ചതുരശ്രഅടി സ്ഥലം ഐഇഡിസിക്കായി നീക്കിവയ്ക്കണം. പാഠ്യപദ്ധതിയുടെ ഭാഗമായി സംരംഭകത്വം, ഇന്നൊവേഷന്‍ മാനേജ്മെന്‍റ്, സ്റ്റാര്‍ട്ടപ്പ് രൂപീകരണം എന്നിവയുമായി ബന്ധപ്പെട്ട കോഴ്സുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കാനാകും.

അതത് കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരാണ് ഐഇഡിസി അധ്യക്ഷനാകേണ്ടത്. ഐഇഡിസിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍റര്‍പ്രണര്‍ഷിപ്പ് കൗണ്‍സില്‍ അംഗങ്ങളായി ഓരോ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ഒരു ഫാക്കല്‍റ്റി പ്രതിനിധിയെ പ്രിന്‍സിപ്പല്‍ അല്ലെങ്കില്‍ എച്ച്ഒഡി നാമനിര്‍ദ്ദേശം ചെയ്യണം. വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ നിന്നുള്ള രണ്ട് ഫാക്കല്‍റ്റികളെയും നോഡല്‍ ഓഫീസര്‍മാരായി തിരഞ്ഞെടുക്കേണ്ടതുണ്ട്.. കുറഞ്ഞത് ഒരാളെങ്കിലും വനിതാ ഫാക്കല്‍റ്റിയായിരിക്കണം. നോഡല്‍ ഓഫീസര്‍മാര്‍ക്ക് അവരുടെ അക്കാദമിക് ജോലിഭാരത്തില്‍ 25% ഇളവ് നല്‍കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന സംരംഭകത്വവുമായി ബന്ധപ്പെട്ട പരിപാടികളിലും ഔദ്യോഗിക മീറ്റിംഗുകളിലും പങ്കെടുക്കുന്നതിന് ഐഇഡിസി നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അവധി ദിവസങ്ങളില്‍ നടത്തുന്ന ഔദ്യോഗിക മീറ്റിംഗുകള്‍ക്കും പരിശീലന പരിപാടികള്‍ക്കും കോമ്പന്‍സേറ്ററി ലീവ് അനുവദിക്കണം. ഐഇഡിസിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും അംഗങ്ങള്‍ക്കും ഡ്യൂട്ടി ലീവ്, ആക്റ്റിവിറ്റി പോയിന്‍റുകള്‍ എന്നിവ അനുവദിക്കും.

പത്ത് പേരടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ടീമില്‍ രണ്ട് വിദ്യാര്‍ത്ഥി ലീഡുകളുണ്ടാകും. കുറഞ്ഞത് ഒരു ലീഡെങ്കിലും വനിതയായിരിക്കണം. ടെക്നോളജി ലീഡ്, ക്വാളിറ്റി ആന്‍റ് ഓപ്പറേഷന്‍സ് ലീഡ്, ഫിനാന്‍സ് ലീഡ്, ക്രിയേറ്റീവ് ആന്‍റ് ഇന്നൊവേഷന്‍ ലീഡ്, ബ്രാന്‍ഡിംഗ് ആന്‍റ് മാര്‍ക്കറ്റിംഗ് ലീഡ്, കമ്മ്യൂണിറ്റി ലീഡ്, വുമണ്‍ എന്‍റര്‍പ്രണര്‍ഷിപ്പ് ലീഡ്, ഐപിആര്‍ ആന്‍റ് റിസര്‍ച്ച് ലീഡ് എന്നിവരാണ് ഓരോ ടീമിലുമുണ്ടാകുക.

എല്ലാ വര്‍ഷവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഐഇഡിസി ഉച്ചകോടി സംഘടിപ്പിക്കും. വിദ്യാര്‍ത്ഥി സംരംഭകരെ അവരുടെ ആശയങ്ങളും അനുഭവങ്ങളും അറിവുകളും പങ്കുവയ്ക്കാന്‍ സഹായിക്കുന്ന സുപ്രധാന ഉദ്യമമാണ് ഐഇഡിസി ഉച്ചകോടി.

പൂര്‍വ്വ വിദ്യാര്‍ത്ഥികളിലൂടെയും സിഎസ്ആര്‍ ഫണ്ടുകളിലൂടെയും ഐഇഡിസികള്‍ക്ക് വരുമാനം കണ്ടെത്താനാകും. പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിന് മൈക്രോ ഫണ്ടുകള്‍ രൂപീകരിക്കാനും കഴിയും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ശ്രീകാര്യത്ത് മകളെ കാണാൻ എത്തിയ വായോധിക തോട്ടിൽ മരിച്ച നിലയിൽ

ശ്രീകാര്യം: തിരുവനന്തപുരം ശ്രീകാര്യത്ത് വായോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തേക്കുംമൂട്...

വഖഫ് ഭേദഗതി ബിൽ: ടേബിൾ ടോക്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പാർലിമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി നിയമത്തെ കുറിച്ച്...

തിരുവനന്തപുരത്ത് അങ്കണവാടിയിൽ വീണ് പരിക്കേറ്റ കുട്ടി ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അങ്കണവാടിയില്‍ വച്ച് വീണ് പരിക്കേറ്റ മൂന്നു വയസ്സുകാരി ഗുരുതരാവസ്ഥയിൽ....

മുകേഷ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പരാതി പിൻവലിക്കില്ല: ആലുവ സ്വദേശിനിയായ നടി

എറണാകുളം: മുകേഷ് ഉൾപ്പെടെയുള്ള നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ...
Telegram
WhatsApp