തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങപ്പാറ ഫാമിലി ഹെൽത്ത് സെൻ്ററിലെ കാൻ്റീനിലെ ഭക്ഷണത്തിൽ ജീവനുള്ള അട്ടയെ കണ്ടെത്തി. രാവിലെയാണ് സംഭവം നടന്നത്. ആശുപത്രിയിലെ രോഗി വാങ്ങിയ ഭക്ഷണത്തിലാണ് ജീവനുള്ള അട്ടയെ കണ്ടെത്തിയത്.
ഇന്ന് രാവിലെ ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് അട്ടയെ കണ്ടെത്തിയത്. പൗഡിക്കോണം മുക്കിക്കട സ്വദേശിയായ ധനുഷ് വാങ്ങിയ പുട്ടിൻ്റെ പൊതിയിലാണ് ജീവനുള്ള അട്ടയെ കണ്ടത്. സംഭവത്തെ തുടർന്ന് മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
പരാതിയുടെ അടിസ്ഥാനത്തിൽ കാന്റീൻ പൂട്ടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് കീഴിലാണ് പാങ്ങപ്പാറ ഹെല്‍ത്ത് സെന്റർ പ്രവർത്തിക്കുന്നത്. ധനുഷ് കഴിഞ്ഞ മൂന്ന് ദിവസമായി കാലിനു പരിക്കേറ്റ് ഇവിടെ ചികിത്സയിലാണ്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ആശുപത്രി ക്യാന്റീന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ആരോപണം. ഹെൽത്ത് ഇൻസ്പെക്ടർ കാൻ്റീൻ പരിശോധിച്ചതിനെ തുടർന്നാണ് പൂട്ടാൻ നോട്ടീസ് നൽകിയത്. ശുചിത്വവും മറ്റു സാഹചര്യങ്ങളും മെച്ചപ്പെടുത്തി പരിശോധന നടത്തിയതിനു ശേഷം മാത്രമേ കാൻ്റീൻ തുറക്കാൻ അനുവദിക്കുകയുള്ളൂ എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.