
ഡൽഹി : ലോകപ്രശസ്തനായ തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ ഇനി ഓര്‍മ. തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 73 വയസായിരുന്നു.
ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിച്ച ഗുരുതര രോഗം കാരണമാണ് സാക്കിർ ഹുസൈനെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്‍റെ മരണം കുടുംബം സ്ഥിരീകരിച്ചത്.
ഏഴാം വയസ്സിൽ അച്ഛനു പകരക്കാരനായി കച്ചേരിയിൽ തബല വായിച്ചുകൊണ്ടുള്ള അരങ്ങേറ്റം. 22-ാം വയസ്സിൽ 1973-ൽ ലിവിങ് ഇൻ ദ മെറ്റീരിയൽ വേൾഡ് എന്ന പേരിൽ ആദ്യ ആൽബം പുറത്തിറങ്ങി. തബലയെ ലോകപ്രശസ്തയിലേക്ക് ഉയർത്തിയവരിൽ ഒരാളാണ് ഉസ്താദ് സാക്കിർ ഹുസൈൻ. നാല് തവണ ഗ്രാമി പുരസ്കാരം നേടിയ അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്.


