തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ പണിമുടക്കും. വിവിധ ആവശ്യങ്ങളുന്നയിച്ചാണ് കോൺഗ്രസിന്റെ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) പണിമുടക്കുന്നത്.
തിങ്കളാഴ്ച 12 മണി മുതൽ ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷൻ (ടിഡിഎഫ്) അറിയിച്ചു. ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്ക് ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാൽ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് സംഘടന നീങ്ങുന്നത്. ശമ്പളവും പെന്‍ഷനും എല്ലാ മാസവും ഒന്നാം തീയതി വിതരണം ചെയ്യുക, ഡിഎ കുടിശിക പൂര്‍ണമായും അനുവദിക്കുക, ശമ്പള പരിഷ്‌കരണ കരാറിന്‍റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, കാലാവധി കഴിഞ്ഞ ഹിത പരിശോധന നടത്തുക, ഡ്രൈവര്‍മാരുടെ സ്‌പെഷ്യല്‍ അലവന്‍സ് കൃത്യമായി നല്‍കുക, കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങുക, മെക്കാനിക്കല്‍ വിഭാഗത്തിനെതിരെയുള്ള പീഡനം അവസാനിപ്പിക്കുക, സ്വിഫ്റ്റ് കമ്പനി കെഎസ്ആര്‍ടിസിയില്‍ ലയിപ്പിക്കുക, കാറ്റഗറി വ്യത്യാസം ഇല്ലാതെ ഡ്യൂട്ടി സറണ്ടര്‍ അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, എന്‍പിഎസ്, എന്‍ഡിആര്‍ നാളിതുവരെയുള്ള കുടിശിക അടച്ചു തീര്‍ക്കുകയും പിടിക്കുന്ന തുക അതാതു മാസം അടയ്ക്കുകയും ചെയ്യുക, അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യങ്ങൾ.