
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് പൊങ്കാലയ്‌ക്കെത്തുന്ന ഭക്തജനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണമായ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് തിരുവനന്തപുരം സബ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശിച്ചു.
എല്ലാ ഹോട്ടലുകളും ഭക്ഷ്യസുരക്ഷാ ലൈസന്‍സിന്റെ / രജിസ്‌ട്രേഷന്റെ പകര്‍പ്പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പരിശോധനാ സമയങ്ങളില്‍ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
പൊങ്കാലയുടെ ഭാഗമായി ഭക്ഷ്യസംരംഭകര്‍ , പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് മാര്‍ച്ച് ഒന്നിന് രാവിലെ 10.30 ന് തൈക്കാട് ഭക്ഷ്യസുരക്ഷാ ഭവനില്‍ അവബോധന പരിപാടി നടത്തുന്നു. അന്നദാനവുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യ സംരംഭകര്‍ നിര്‍ബന്ധമായും ഇതിൽ പങ്കെടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.
പങ്കെടുക്കുന്നവര്‍ ഭക്ഷണം കൈകാര്യം ചെയ്യുന്നവരുടെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ fsonemomcircle@gmail.com എന്ന ഇ-മെയിലില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
അന്നദാനം , ലഘുഭക്ഷണം, ശീതളപാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും, സംഘടനകളും, വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷന്‍ മുന്‍കൂട്ടി എടുത്തിരിക്കണം. രജിസ്‌ട്രേഷനായി അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷയില്‍ ”Kind of business ആയി Food vending establishment” എന്നത് തിരഞ്ഞെടുക്കേണ്ടതും അപേക്ഷകന്റെ പേരിനൊപ്പം ‘ആറ്റുകാല്‍ പൊങ്കാല ‘ എന്ന് രേഖപ്പെടുത്തേണ്ടതുമാണ്.
ട്രസ്റ്റ് / ക്ലബ് നടത്തുന്ന അന്നദാനത്തിന്റെ രജിസ്‌ട്രേഷന്റെ ഓണ്‍ലൈന്‍ അപേക്ഷയില്‍ ട്രസ്റ്റ് / ക്ലബിന്റെ പേര് കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. അന്നദാനം നടത്തുന്നയാളുടെ അല്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ആളുടെ ഫോട്ടോ ഐഡി കാര്‍ഡ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത ഫീസ് ഓണ്‍ലൈനായി ഒടുക്കേണ്ടതാണ്.


