
പോത്തൻകോട്: വൈദ്യുത തൂണിൽ ബന്ധിച്ചിരുന്ന കേബിൾ വയർ ബസിലുടക്കിയതു കാരണം വൈദ്യുത തൂൺ ഒടിഞ്ഞ് ബസ്സിന് മുകളിൽ വീണു. അപകടം നടന്ന ഉടനെ തന്നെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടത് കാരണം ഒഴിവായത് വൻ ദുരന്തമാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം നടന്നത്.
കെ.എസ്. ആർ.ടി.സി. കണിയാപുരം ഡിപ്പോയിലെ മുരുക്കുംപുഴ -നെടുമങ്ങാട് ചെയിൻ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മുരുക്കുംപുഴയിൽ നിന്ന് നെടുമങ്ങാട്ടയ്ക്ക് പോകുന്ന വഴി പോത്തൻകോട് എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിന് മുന്നിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.
ബസ്സിന്റെ പുറകുഭാഗം കേബിൾ വയറിലുടക്കുകയും ബസ് മുന്നോട്ട് പോയപ്പോൾ വൈദ്യുത തൂൺ പകുതി വച്ച് ഒടിഞ്ഞ് ബസ്സിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുത തൂൺ മാറ്റുവാനുള്ള നടപടികൾ സ്വീകരിച്ചു.
രാത്രിയോടെയാണ് വൈദ്യുത ബന്ധം പൂർണമായി പുന:സ്ഥാപിക്കുവാൻ കഴിഞ്ഞത്. രണ്ടുമണിക്കൂറോളം പോത്തൻകോട് -വാവറ അമ്പലം റോഡിൽ ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കില്ല.


