
തിരുവനന്തപുരം: മുതലപൊഴിയിൽ അരങ്ങേരുന്ന സംഭവവികാസങ്ങളിൽ പ്രതികരണവുമായി തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. മുതലപ്പൊഴി മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. നിലവിൽ മത്സ്യ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നതെന്നും വിഷയത്തിൽ എം.എൽ.എയുടെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ശുദ്ധ അസംബന്ധമാണ്.
നിലവിൽ പൊഴി മുറിക്കാൻ മത്സ്യതൊഴിലാളികൾ അനുവദിക്കുന്നില്ല. പൊഴി മുറിക്കപ്പെടാത്ത സാഹചര്യത്തിൽ സമുദ്ര നിരപ്പിൽ നിന്നു താഴെയുള്ള നാലഞ്ച് പഞ്ചായത്തുകൾക്ക് വെള്ളപ്പൊക്ക ഭീഷണിയുണ്ടാവാനുള്ള സാധ്യത നിലവിലുണ്ട്. അതിനാൽ അടിയന്തിരമായി പൊഴി മുറിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ അതിനെതിരെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇത് ജനവിരുദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിമാരുടെ യോഗത്തിൽ മുതലപ്പൊഴിയിൽ മണൽ നീക്കാൻ തീരുമാനമായതാണ്. മണൽ അടിഞ്ഞ് മത്സ്യബന്ധനത്തിന് തടസ്സം നേരിടുന്ന സാഹചര്യം ഇല്ലാതാക്കാനാണ് ഈ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ലഭ്യമായ ഡ്രഡ്ജറും ജെ.സി.ബികളും ഉപയോഗിച്ച് മണൽ നീക്കം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മാത്രമല്ല കണ്ണൂരിൽ നിന്നുള്ള വലിയ ഡ്രഡ്ജർ വ്യാഴാഴ്ച സമുദ്രമാർഗം മുലം എത്തിച്ചേരും.
177 കോടി രൂപയുടെ തുറമുഖ വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം ഇതിനകം ലഭിച്ചിരിക്കുന്നു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഈ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിനും മണൽ നീക്കം നിർബന്ധമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.


