
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ അധ്യാപികക്കെതിരെ പോക്‌സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയ്‌ക്കെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്.
സ്‌കൂളിലെ ഹിന്ദി അധ്യാപിക സി ആര്‍ ചന്ദ്രലേഖക്കെതിരെയാണ് പോക്‌സോ ചുമത്തി കേസെടുത്തത്. സംഭവത്തിൽ സ്കൂൾ മാനെജ്മെന്‍റ് അധ്യാപികയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. സഹ അധ്യാപകനോടുള്ള വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ് അധ്യാപിക പെൺകുട്ടിയെ ഇരയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.
സ്കൂളിലെ ഒരു അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു അധ്യാപിക പ്രചരിപ്പിച്ചത്. അപസ്മാര രോഗത്തെ തുടർന്ന് കുട്ടി നാല് മാസം സ്കൂളിൽ പോയിരുന്നില്ല. ഈ സമയത്താണ് വ്യാജപ്രചരണം നടത്തിയത്. വ്യാജ പരാതി നല്‍കിയതിന് പുറമെ അധ്യാപിക വാട്‌സാപ്പിലൂടെ ഇക്കാര്യം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അധ്യാപിക നടത്തിയ വ്യാജ ആരോപണത്തിലും അപവാദ പ്രചാരണത്തിലും മനംനൊന്ത് പഠനം ഉപേക്ഷിക്കുന്നതായി വിദ്യാർഥിനി രക്ഷിതാക്കളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബം പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, പട്ടികജാതി-വർഗ കമീഷൻ, സ്കൂൾ അധികൃതർ എന്നിവർക്ക് കുടുംബം പരാതി നൽകി.







