
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളുകൾ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
സംസ്കാരം നാളെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നാളെ രാവിലെ തിരുവനന്തപുരം തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തും.തുടർന്ന് അവിടെ നിന്ന് പത്തനംതിട്ട പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനം നടത്തിയ ശേഷം വൈകുന്നേരം വീട്ടുവളപ്പിൽ വെച്ചായിരിക്കും സംസ്കാരം നടത്തുക.
ആദ്യ ഘട്ടത്തിൽ രഞ്ജിതയുടെ സഹോദരന്‍റെ ഡിഎൻഎ പരിശോധിച്ചെങ്കിലും തിരിച്ചറിയാനായിരുന്നില്ല. അമ്മയുടെ ഡിഎന്‍എ സാമ്പിളുമായാണ് രഞ്ജിതയുടെ ഡിഎൻഎ മാച്ച് ആയത്. എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന രഞ്ജിത. കേരളത്തിലെ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്.







