
തിരുവനന്തപുരം: അസാമാന്യമായ ഊർജ്ജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വി എസിന്റേത്. കേരളത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അദ്ധ്യായമാണ് സ. വി എസ് അച്യുതാനന്ദന്റെ ജീവിതം. തൊഴിലാളി – കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. എളിയ തുടക്കത്തിൽ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പടവുകളിലൂടെയാണ്.
കമ്മ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും സ. വി എസ് നൽകിയ സംഭാവനകൾ നിരവധിയാണ്. പുന്നപ്ര-വയലാറുമായി പര്യായപ്പെട്ടു നിൽക്കുന്ന സഖാവ്, യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും ജീവിതപശ്ചാത്തലങ്ങൾ കടന്നാണ് വളർന്നുവന്നത്.
സഖാവ് വി എസിന്റെ നിര്യാണം പാർട്ടിയേയും നാടിനേയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഒരു തൊഴിലാളി എന്ന നിലയിൽ നിന്ന് തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവ് എന്ന നിലയിലേക്കു വി എസ് വളരെ വേഗമുയർന്നു. പാർട്ടി വി എസിനെയും വി എസ് പാർട്ടിയെയും വളർത്തി. 1940 ൽ, 17 വയസ്സുള്ളപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം അതിദീർഘമായ 85 വർഷമാണ് പാർട്ടി അംഗമായി തുടർന്നത്. കുട്ടനാട്ടിലേക്കുപോയ സഖാവ് വി എസ് കർഷകത്തൊഴിലാളികൾ നേരിട്ട കൂലി അടിമത്തത്തിനും ജാതി അടിമത്തത്തിനും അറുതിവരുത്താനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. കുട്ടനാട്ടിലെ ഗ്രാമാന്തരങ്ങളിൽ നടന്നുചെന്ന് കർഷകത്തൊഴിലാളികളുടെ യോഗം വിളിച്ചുചേർക്കുകയും, അവരെ സംഘടിതശക്തിയായി വളർത്തുകയും ചെയ്തു. ഭൂപ്രമാണിമാരെയും പോലീസിനെയും വെല്ലുവിളിച്ചുകൊണ്ടായിരുന്നു അത്.
‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ’ എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ‘കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ’ ആയി വളർന്നതിലും വി എസ് വഹിച്ചത് പകരം വെക്കാനില്ലാത്ത പങ്കാണ്. വി എസ്സിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും, ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും, ജോലി സ്ഥിരതയ്ക്കും, മിച്ചഭൂമി പിടിച്ചെടുക്കുന്നതിനും വേണ്ടി നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു. പാടത്തെ വരമ്പുകളിലൂടെ കിലോമീറ്ററുകളോളം നടന്ന്, തൊഴിലാളികളുടെ കുടിലുകളിൽ കയറിയിറങ്ങി, അവരിൽ ആത്മവിശ്വാസവും സംഘബോധവും നിറയ്ക്കാൻ അദ്ദേഹം നടത്തിയ പ്രയത്‌നങ്ങൾ അവരെയാകെ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു.







