
ആലപ്പുഴ: കണ്ണീർമഴ നനഞ്ഞ് വി എസ് മടങ്ങി. ജനമനസുകളിലെ പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് കേരളം കണ്ണീരോടെ വിട നൽകി. കനത്ത മഴയിലും മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു.
പുന്നപ്ര-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വിപ്ലവമണ്ണിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന് ചിതയൊരുങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, എംഎ ബേബി, എംവി ഗോവിന്ദൻ അടക്കം നേതാക്കളും മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
ഇനി സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും.മഴയെപ്പോലും വകവയ്ക്കാതെ പതിനായിരങ്ങളാണ് മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി ഇവിടേക്കെത്തുന്നത്. വിഎസ് അച്യുതാനന്ദന് അന്തിമ വിശ്രമം ഒരുക്കിയത് വലിയ ചുടുകാട്ടിലെ രക്തസാക്ഷി സ്മാരകത്തില്‍ സ്വന്തം പേരിലുള്ള ഭൂമിയിലാണ്. 1958ല്‍ ഇഎംഎസ് സര്‍ക്കാരാണ് അന്നത്തെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന വിഎസിന്റെ പേരില്‍ ഭൂമി പതിച്ച് നല്‍കിയത്.







