
കഴക്കൂട്ടം: ചാന്നാങ്കരയിൽ ഒരു സാധാരണ കുടുംബത്തിലാണ് എം.പി കുഞ്ഞിന്റെ ജനനം. ചാന്നാങ്കര എൽ പി എസ്, കണിയാപുരം യു പി എസ്, കണിയാപുരം സെന്റ് വിൻസെന്റ് ഹൈസ്കൂള്, തിരുവനന്തപുരം മഹാത്മാ ഗാന്ധി കോളേജ്, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തുടർന്ന് ഗ്രന്ഥശാല പ്രവർത്തനം, കലാസമിതി രൂപീകരിക്കൽ, അമച്വർ നാടകാഭിനയം, ആർട്സ് റോസ് എന്ന കലാ സാംസ്‌കാരിക സംഘടനയുടെ നായകത്വം, പിതാവിന്റെ മരണത്തോടെ നാട്ടിൽ ചായ കച്ചവടം നടത്തി, അവിടെ വച്ച് നടത്തിയ ചിട്ടി പൊളിഞ്ഞതോടെ ബാംഗ്ലൂരിലേക്ക് ഒരു ഒളിച്ചോട്ടം.
പരിചയക്കാർ ഉണ്ടായിരുന്ന ബാംഗ്ലൂരിൽ ആരെയും അന്വേഷിക്കാതെ റെസിഡൻസി റോഡിലെ ഇമ്പിരിയൽ ഹോട്ടലിലെ ബിൽ റൈറ്റർ, അവിടെ നിന്നും ലഭിച്ച സ്നേഹവും പരിലാളനയും ഉടമസ്ഥൻ റംസാൻ ഹാജിക്ക് തന്നോട് ഉണ്ടായിരുന്ന പ്രത്യേക മമത…. അവിചാരിതമായി തന്റെ ത്യാഗം എന്ന നാടകത്തിന്റെ കൈയെഴുത്ത് പ്രതി കണ്ട വി. കെ. വിജയൻ, ടി. പി. മാധവൻ, നാരായണൻകുട്ടി, മലയാളി സമാജം പ്രസിഡന്റ് ഗോപാലപിള്ള എന്നിവർ നാടകത്തിലേക്ക് പ്രോത്സാഹനം നൽകി. ബാംഗ്ലൂർ മലയാളി സമാജം അവതരിപ്പിച്ച ത്യാഗം എന്ന നാടകം ബാംഗ്ലൂർ മലയാളികൾക്കിടയിൽ അറിയപ്പെട്ടവനാക്കി.
കർണാടകയുടെ വിവിധ മലയാളി മേഖലകളിൽ നാടകം അവതരിപ്പിക്കപ്പെട്ടു. അറിയപ്പെടുന്ന എഴുത്തുകാരൻ ഡോ. നാരായണൻ ഈ നാടകം പരിഭാഷപ്പെടുത്തി ത്യാഗ എന്ന പേരിൽ കന്നഡ ഭാഷയിലും പ്രസിദ്ധീകരിച്ചു. 1970 – 75 കാലയളവിൽ കേരളത്തിലെ അമച്വർ നാടകവേദിയിൽ അവതരിപ്പിക്കപ്പെട്ടതും ശ്രദ്ധേയമാണ്. ആയിടക്ക് പ്രസിദ്ധീകരണം ആരംഭിച്ച കലാകൗമുദിയുടെ ബാംഗ്ലൂരിലെ പാർട്ട് ടൈം റിപ്പോർട്ടർ ആയി ലഭിച്ച ജോലി സിനിമ മാസിക, ചിത്രരമ, സിനിരമ, ഫിലിം ലാൻഡ് തുടങ്ങിയ ചലച്ചിത്ര പ്രസിദ്ധീകരണങ്ങളിൽ (അന്ന് സബ്‌സിഡി ഉണ്ടായിരുന്നത് കൊണ്ട് മലയാള ചിത്രങ്ങൾ ഏറിയ പങ്കും ഷൂട്ടിംഗ് ബാംഗ്ലൂരിൽ ആയിരുന്നു ) ഷൂട്ടിംഗ് റിപ്പോർട്ടുകൾ സിനിമ രംഗത്ത് ബന്ധങ്ങൾ ഉണ്ടാക്കി. ബാംഗ്ലൂരിൽ ബി. വി. കാരത്ത്, നാഗേശ്വര റാവു, എസ് ആർ പുട്ടണ്ണ കണങ്കൽ, വിഷ്ണു വർദ്ധൻ, അഞ്ജലി ദേവി തുടങ്ങിയ അതി പ്രശസ്ത താരങ്ങളുമായി നടത്തിയ ഇന്റർവ്യൂകൾ ചർച്ചയായി.
കൊട്ടാര മതിൽ കെട്ടിനുള്ളിൽ നിന്നും ജനകീയ കല അന്വേഷിച്ചു വന്ന വിഖ്യാത ആർട്ടിസ്‌റ് രുക്മിണി വർമ്മയെ കുറിച്ച് മനോരമ പ്രസിദ്ധീകരണമായ വനിതയിൽ അച്ചടിച്ചു വന്ന ഇന്റർവ്യൂ വായനക്കാരുടെ ഇഷ്ടക്കാരൻ ആക്കിയ കാലം. സിനിമ താരങ്ങളും പ്രവർത്തരും ആയുള്ള ബന്ധം. പ്രേം നസീർ ഉൾപ്പെടെയുള്ള മലയാള ചലച്ചിത്ര താരങ്ങളുമായുള്ള അടുപ്പം ഒരു ഫിലിം ഡിസ്ട്രിബൂട്ടർ ആക്കി. ഫ്രീ ലവ്, ദോ രാഗ് ഉൾപ്പെടെ പ്രശസ്തമായ ഹിന്ദി ചിത്രങ്ങളുടെ പ്രദർശനാവകാശം സൗത്ത് ഇന്ത്യൻ റൈറ്സ് വാങ്ങി ഹണീ എന്റർപ്രൈസസിൽ നിന്നും കേരള അവകാശം വാങ്ങി മറിച്ചു വിൽക്കുന്ന ബിസിനസ്. ഉമ്മക്ക് സുഖമില്ലെന്ന അറിവ് പച്ചപിടിച്ച ജീവിതം പെട്ടെന്ന് മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരുവാൻ നിർബന്ധിതനാക്കി.
നാട്ടിലെത്തി റിട്ടയേർഡ് എസ് പി ഉമ്മൻകോശിയുടെ കായംകുളം കേന്ദ്രമാക്കിയുള്ള വയലാർ നാടകവേദിയുടെ സെക്രട്ടറി. 1978 ൽ വിവാഹത്തോടെ അതൊക്ക മതിയാക്കി എയർ ട്രാവൽ ഏജന്റ് ആയി മാറുകയായിരുന്നു. സത്യസന്ധതയും കുലീനത്വവും മുറുകെ പിടിച്ചത് കാരണം വലിയ രക്ഷപെടൽ ഉണ്ടായില്ലെങ്കിലും അടിപൊളി ജീവിതം, മൂന്ന് പെൺമക്കളുടെയും വിവാഹം, നിരവധി വിദേശ യാത്രകൾ…. എല്ലാം ഭംഗിയായി നടന്നു. 1978 ൽ ആരംഭിച്ച കേരള സഹൃദയവേദി എന്ന സാംസ്കാരിക സംഘടന 2024 ഏപ്രിലിൽ നടത്തിയ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ സമാപനത്തോടെ 634 സാംസ്കാരിക പരിപാടികൾ പൂർത്തീകരിച്ചിരുന്നു.
സമൂഹത്തിന്റെ അടിത്തട്ടുകളിൽ അറിയപ്പെടാതെ കിടക്കുന്ന മുത്തുകളെ കണ്ടു പിടിച്ച് പൊതു വേദികളിൽ ആദരിക്കൽ, മിടുക്കരായ വിദ്യാർത്ഥികളെ അനുമോദിക്കൽ, ശാസ്ത്രം, സാഹിത്യം, ബിസിനസ്, ടൂറിസം, ആയുർവ്വേദം, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ മേഖലകളിൽ മികച്ചവർക്കായി ഏർപ്പെർടുത്തിയ അവാർഡുകൾ, നാന്നൂറിലധികം പ്രതിഭകളെ ആദരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. റംസാൻ റിലീഫ് ഉൾപ്പെടെ നിർധന വിവാഹം, നിർധനർക്കായുള്ള ഭവന നിർമാണം, സ്പോൺസർമാരെ കണ്ടു പിടിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇവയെല്ലാം ഒരു മുതൽ കൂട്ടാക്കി. 1983 ൽ മുസ്ലിം യൂത്ത് ലീഗ് തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി, നാല് താലൂക്ക് കമ്മിറ്റികൾ മാത്രം ഉണ്ടായിരുന്ന ജില്ലാ കമ്മിറ്റിയിൽ 14 നിയോജകമണ്ഡലം കമ്മിറ്റികൾ രൂപീകരിച്ചത് വഴി നേതൃത്വത്തിന്റെ വിശ്വാസം പിടിച്ചു പറ്റി.
കഴക്കൂട്ടം മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് അവിടെ നിന്ന് മുസ്ലിം ലീഗിന്റെ ജില്ലാ സെക്രട്ടറി, ചാന്നാങ്കര വെസ്റ്റ് 622 നമ്പർ കയർ സഹകരണസംഘം പ്രസിഡന്റ്, ചാന്നാങ്കര റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയും, കേരള അസോസിയേഷൻഓഫ് ട്രാവൽ ഏജൻസിന്റെ സ്ഥാപക ജനറൽ സെക്രട്ടറി എന്ന പദവിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കണിയാപുരം മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, നിബ്രാസുൽ ഇസ്ലാം മദ്രസ പ്രസിഡന്റ് എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച അബ്ദുള്ള മുതലാളി അവാർഡ്, 2015 ൽ യു എ ഇ യിലെ ദിബ്ബാ സോഷ്യൽ ക്ലബ്ബിന്റെ അവാർഡ് – എം എ യൂസഫലി, ഡോക്ടർ പുത്തൂർ റഹ്മാൻ, അൻവർ നഹ എന്നിവരുടെ സാന്നിധ്യത്തിൽ ഫുജൈറ പ്രിൻസിൽ നിന്നും ലഭിച്ചത്, 2015 മാർച്ച് 26 ന് തിരുവനന്തപുരം വി ജെ ടി ഹാളിൽ അനന്തപുരിയുടെ ആദരം എന്ന പേരിൽ ലഭിച്ച പൗര സ്വീകരണം, 2018 ആഗസ്റ് 2 ന് മലപ്പുറത്ത് ഉബൈദുള്ള എം എൽ എ ചെയർമാനും തിരൂർ പി അഷ്‌റഫ് ജനറൽ കൺവീനറും ആയി സംഘടിപ്പിച്ച മലപ്പുറത്തിന്റെ സ്നേഹാദരം പാണക്കാട് സയ്യദ് ഹൈദരലി ശിഹാബ് തങ്ങളിൽ നിന്നും റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സ്വീകരിച്ച ക്യാഷ് അവാർഡും പുരസ്‌കാരവും അദ്ദേഹത്തിന്റെ ജീവിതത്തിലെ അത്യപൂർവ മുഹൂർത്തങ്ങൾ ആയിരുന്നു.
കേരള സഹൃദയ വേദിയുടെ 2018 നവംബർ – ഡിസംബർ മാസങ്ങളിൽ സ്നേഹ സ്പർശം എന്ന പരിപാടിയിലൂടെ തെരെഞ്ഞെടുത്ത സർക്കാർ സ്കൂളുകളിലെ കുട്ടികൾക്ക് നൽകിയ കുടവിതരണം സാമൂഹിക സാംസ്‌കാരിക രംഗത്തെ ഇതര സംഘടനകൾക്ക് കഴിയാതിരുന്നത് നടത്താൻ കഴിഞ്ഞതും ഇതിഹാസം തന്നെയായിരുന്നു. 2018 നവംബർ 16 ന് തിരുവനന്തപുരം പട്ടണത്തിലെ വഞ്ചിയൂർ സർക്കാർ ഹൈസ്കൂൾ അങ്കണത്തിൽ, ചെട്ടികുളങ്ങര യു പി സ്കൂൾ ഉൾപ്പെടെയുള്ള സ്കൂളുകളിലെ കുട്ടികൾക്ക് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുടകൾ വിതരണം ചെയ്തു കൊണ്ട് ആരംഭിച്ചത് 2019 ജനുവരി 4 വെള്ളിയാഴ്ച പെരുമാതുറ എൽ പി സ്കൂളിലെ 200 കുട്ടികൾക്ക് കുടകൾ വിതരണം ചെയ്തുകൊണ്ട് അവസാനിപ്പിച്ചപ്പോൾ കേരള സഹൃദയവേദി 550 (അഞ്ഞൂറ്റി അമ്പത് ) പരിപാടികൾ പൂർത്തീകരിച്ചു. തന്നെ വിശ്വാസത്തിലെടുത്തവ രും എന്നെ സ്നേഹിക്കുന്നവരും തരുന്ന ശക്തിയാണ് തന്റെ കരുത്ത് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
ഒരു വലിയ ജന്മിയല്ലാത്ത ഒരു സാധാരണക്കാരൻ ആയ അദ്ദേഹത്തിന് ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘാടനം നടത്താനും ഉദാരമതികളായ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സഹായിച്ചിരുന്നു. ഈ എഴുപത്തിയേഴാം വയസ്സിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. അടുത്തിടെ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു എന്നിട്ടും അദ്ദേഹം ജീവകാരുണ്യത്തിൽ പ്രത്യാകം ശ്രദ്ധ ചെലത്തിയിരുന്ന ചാന്നാങ്കര എം.പി കുഞ്ഞ് എന്ന കാരുണ്യവാൻ എല്ലാവരുടെയും പ്രശംസ പിടിച്ച് പറ്റിയാണ് ഇന്ന് രാവിലെ ഈ ലോകത്തോട് വിടപറഞ്ഞത്.







