
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ മേഖലയിലെ നാവിഗേഷൻ സെന്റർ ഓഫ് എക്സലൻസ് ആയ അനന്ദ് ടെക്നോളജീസ് ലിമിറ്റഡ് (എ ടി എൽ) കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം മേനംകുളം കിൻഫ്രാ പാർക്കിൽ വച്ച് ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ISRO ചെയർമാനുമായ ഡോ. വി നാരായണൻ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരത്തെ ഏവിയോണിക്സ് വികസനത്തിലൂടെ ഐഎസ്ആർഒയെ പിന്തുണയ്ക്കുന്നതിൽ ‘എ ടി എൽ’ ന്റെ പങ്കിനെ ഉദ്ഘാടന വേളയിൽ അദ്ദേഹം അഭിനന്ദിച്ചു.
എടിഎൽ ചെയർമാനും എംഡിയുമായ ഡോ. ശുഭറാവു പവലുരി തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ മേഖലകളിൽ ‘എ ടി എൽ’ ന്റെ മൂന്ന് പതിറ്റാണ്ട് നീണ്ട സംഭാവനകൾ എടുത്തുപറയുകയുണ്ടായി. കൃത്യതയുള്ള നാവിഗേഷൻ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ‘എ ടി എൽ’ ന്റെ സാങ്കേതിക കാഴ്ചപ്പാടും തന്ത്രപരമായ പ്രാധാന്യത്തെ പറ്റി അനുരൂപ് പവലുരി(മാനേജിംഗ് ഡയറക്ടർ, എടിഎൽ), പോൾ പാണ്ഡ്യൻ (ഡയറക്ടർ, നാവിഗേഷൻ, എടിഎൽ) എന്നിവർ വിശദീകരിച്ചു.
പുതിയ കേന്ദ്രം ഇന്ത്യയുടെ ഭാവി ബഹിരാകാശ, പ്രതിരോധ നാവിഗേഷൻ ആവശ്യങ്ങൾക്ക് ഗണ്യമായ പിന്തുണ നൽകുമെന്ന് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. ISRO യുടെ വിവിധ കേന്ദ്രങ്ങളുടെ ഡയറക്ടർമാരും മുതിർന്ന ഉദ്യോഗസ്ഥരും പ്രതിരോധമേഖലാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.







