
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. കിഫ്ബി ഉദ്യോഗസ്ഥർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്.
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്‍റ് ഫണ്ട് ബോർഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. 2019 ൽ 9.72 ശതമാനം പലിശയ്ക്കാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി 2150 കോടി സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്. അതേസമയം ബോണ്ട് ഇറക്കി സമാഹരിച്ച 2150 കോടി രൂപയും കിഫ്ബി തിരിച്ചടച്ചിരുന്നു.







