സ്‌കൂള്‍ കുട്ടികളെ അടക്കം കൊന്നൊടുക്കി ഇറാനില്‍ ഇസ്രായേലിന്റെ നരവേട്ട; മരണം 100 കടന്നു; ഗള്‍ഫ് മേഖല ആക്രമിച്ച് ഇറാന്‍

0
196

ടെഹ്‌റാന്‍: ഇറാനില്‍ അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിനു പിന്നാലെ അടിച്ചും തിരിച്ചടിച്ചും ഇസ്രായേല്‍ അമേരിക്കന്‍ സഖ്യവും ഇറാനും. ആദ്യം ടെഹ്‌റാനിലും പിന്നീട് മറ്റിടങ്ങളിലും ഇസ്രായേലും അമേരിക്കയും ആക്രമണം നടത്തിയതിനു പിന്നാലെ ഇറാനും തിരിച്ചടിക്കാന്‍ ആരംഭിച്ചു. ഗള്‍ഫ് മേഖലയിലെ യു,എസ് ഇസ്രായേല്‍ സൈനിക താവളങ്ങള്‍ ലക്ഷ്യം വച്ചാണ് ഇറാന്‍ ആക്രമണം നടത്തുന്നത്. ഗള്‍ഫ് മേഖലയിലും പലയിടത്തും സ്‌ഫോടനങ്ങളുണ്ടായി. സംഘര്‍ഷത്തെ തുടര്‍ന്ന് ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ രാഷ്ട്രങ്ങള്‍ വ്യോമപാത അടച്ചു. ദുബായ് വിമാനത്താവളവും താത്കാലികമായി അടച്ചിട്ടുണ്ട്.

ഇറാനിലെ ഗേള്‍സ് സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ സ്‌കൂളില്‍ 170 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗനിലെ ഗേള്‍സ് സ്‌കൂളിലായിരുന്നു ഇസ്രയേല്‍ ആക്രമണം നടന്നത്. ഇറാനില്‍ ജിംനേഷ്യത്തിന് നേരെയും ഇസ്രയേല്‍ ആക്രമണമുണ്ടായി. ഈ ആക്രമണത്തില്‍ പതിനഞ്ച് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ലമാര്‍ഡിലാണ് സംഭവം. കുട്ടികള്‍ അടക്കം സ്ഥലത്ത് ഉണ്ടായിരുന്നതായാണ് വിവരം. ഇറാന്റെ ചബഹാര്‍ തുറമുഖത്തും സ്‌ഫോടനമുണ്ടായി. അതേസമയം, ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സായുധ സേനയിലെ മൂന്ന് അംഗങ്ങള്‍ക്ക് അടക്കമാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഘര്‍ഷത്തില്‍ ഇറാന് പിന്തുണയറിയിച്ച് ചൈന രംഗത്തെത്തി. ഇറാന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും അടിയന്തിര വെടിനിര്‍ത്തല്‍ വേണമെന്നും ചൈന ആവശ്യപ്പെട്ടു. ഇറാന്റെ പരാമാധികാരം, ദേശീയത എന്നിവയെ ബഹുമാനിക്കണമെന്നും ചര്‍ച്ചകള്‍ പുനഃരാരംഭിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഹിസ്ബുള്ളയും ഇറാന് പിന്തുണ അറിയിച്ച് രംഗത്തെത്തി. ഇറാന് പിന്നില്‍ അചഞ്ചലമായി നില്‍ക്കുമെന്ന് വ്യക്തമാക്കി ഹിസ്ബുള്ള പ്രസ്താവന പുറത്തിറക്കി. അതേസമയം, കാനഡയുടെ പിന്തുണ ഇസ്രായേലിനും അമേരിക്കയ്ക്കുമാണെന്ന് കാനഡ അറിയിച്ചു. ഖത്തര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകള്‍ വീടുകളില്‍ തുടരണമെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. ജനലുകളുടെ അരികിലും തുറന്ന പ്രദേശങ്ങളിലും പോകരുതെന്നും മുന്നറിയിപ്പുണ്ട്.

ഇറാനിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ റേഡിയേഷന്‍ ആഘാതം ഇല്ലെന്നും ഐഎഇഎ അറിയിച്ചു. ഐക്യരാഷ്ട്രസഭയ്ക്ക് ഇറാന്‍ തുറന്ന കത്തെഴുതി. സമാധാനം ഉറപ്പാക്കാന്‍ യുഎന്നിന് ബാധ്യതയുണ്ടെന്ന് ഇറാന്‍ കത്തില്‍ പറയുന്നു. അമേരിക്കയുടെ പിന്തുണയോടെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇറാന്‍ ജനത തെരുവിലിറങ്ങി. ടെഹ്റാനില്‍ അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇറാന്‍ ജനത തെരുവിലിറങ്ങി പ്രതിഷേധിച്ചു.

അതിനിടെ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഫോണില്‍ സംസാരിച്ചു. സംഘര്‍ഷത്തിന്റെ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് സൂചന. നെതന്യാഹുവിന്റെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here