പാകിസ്താന്റെ മധ്യസ്ഥത തള്ളി ഇറാന്‍; പാകിസ്താന്റേത് എണ്ണവില സ്വാധീനിക്കാനുള്ള തന്ത്രം മാത്രം; ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനാകും

0
104

പട്‌ന: പശ്ചിമേഷ്യന്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പാകിസ്താന്‍ മധ്യസ്ഥത വഹിക്കുന്നെന്ന വാര്‍ത്തകള്‍ തള്ളി ഇറാന്‍ രംഗത്ത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി പറഞ്ഞു. ലോക വിപണിയിലെ എണ്ണവിലയെ സ്വാധീനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണ് ഇത്തരം വ്യാജ പ്രചരണങ്ങള്‍. ചര്‍ച്ചകളിലോ നയതന്ത്ര നീക്കങ്ങളിലോ പാകിസ്താന്‍ ഗൗരവം കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ഇറാന്‍ പരമോന്നത നേതാവ് അലി ഖമനേയിയുടെ അനുശോചന ചടങ്ങില്‍ പങ്കെടുക്കാന്‍ പട്നയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇറാന്‍ അമേരിക്ക ചര്‍ച്ച നടക്കുന്നുവെന്നത് സത്യമല്ല. വെറുതെ സംസാരിക്കുന്നതിലൂടെ എണ്ണവില പിടിച്ചുനിര്‍ത്താന്‍ അവര്‍ ആഗ്രഹിച്ചു. അതിനപ്പുറം ചര്‍ച്ചകളിലൊ ഒത്തുതീര്‍പ്പുകളിലൊ സംഭാഷണങ്ങളിലൊ യാതൊരു ഗൗരവവും കാണിച്ചിരുന്നില്ലെന്നും അവര്‍ക്ക് ചില രാജ്യങ്ങളെ ഉപയോഗിക്കണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഇലാഹി പറഞ്ഞു. ഞങ്ങള്‍ ചര്‍ച്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ക്കും തയ്യാറാണെന്ന് അവര്‍ വിളിച്ചുപറയുക മാത്രമണുണ്ടായതെന്നും ഹക്കീം ഇലാഹി വ്യക്തമാക്കി.

ഇന്ത്യ ഉള്‍പ്പെടെയുള്ള എല്ലാ രാജ്യങ്ങള്‍ക്കും സമാധാനശ്രമങ്ങളില്‍ വലിയ പങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫെബ്രുവരിയിലെ ആക്രമണത്തില്‍ അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, ഇറാന്‍ നടത്തിയ തിരിച്ചടികള്‍ അന്താരാഷ്ട്ര ഊര്‍ജ വിപണിയെയും ആഗോള സാമ്പത്തിക സ്ഥിരതയെയും ബാധിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാന്‍ ലോകനേതാക്കള്‍ ഒന്നിച്ച് നില്‍ക്കണമെന്നും ഇലാഹി ആഹ്വാനം ചെയ്തു. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണമാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here