
കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞുവെന്നും അത് തുടരണമെന്നും അദ്ദേഹം പറഞ്ഞു.
17-ാം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണമെന്നും പുരോഗതിക്ക് ഇടവേളയുണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽ ഡി എഫ് തുടരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
എൽഡിഎഫിനെ ജനങ്ങൾക്ക് വിശ്വാസമുണ്ട്. പദ്ധതികൾ നടപ്പാക്കാതിരുന്ന കാലമുണ്ടായിരുന്നു. അധികാരത്തിൽ ഇരിക്കുന്നവർ തന്നെ വികസന സാധ്യത തള്ളികളയുന്നത് 10 വർഷങ്ങൾക്ക് മുൻപ് ജനങ്ങൾ കണ്ടതാണ്. എന്നാൽ 10 വർഷം കൊണ്ട് എൽഡിഎഫ് സർക്കാർ വലിയ മാറ്റങ്ങൾ നടത്തിയെന്നും അദേഹം പറഞ്ഞു.
രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസമുള്ളവരും എൽഡിഎഫ് അധികാരത്തിൽ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പ്രതിസന്ധികൾ നേരിടേണ്ടി വന്നു. തകർന്നു പോയ നിമിഷങ്ങൾ വരെ അതിജീവിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾ ജനങ്ങളോട് ഒപ്പമാണ്, ജനങ്ങൾ ഞങ്ങളോട് ഒപ്പമാണ് എന്ന ആത്മവിശ്വാസവും മുഖ്യമന്ത്രി പ്രകടിപ്പിച്ചു.







