
കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിൽ നിർണായക അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. നിതിൻ രാജിനെ ഭീഷണിപ്പെടുത്തിയ ലോൺ ആപ്പ് സംഘത്തിലെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുപി സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്.
‘ഇന്‍സ്റ്റന്റ് ഫണ്ട്‌സ്’ എന്ന ലോണ്‍ ആപ്പ് നടത്തിപ്പുകാരായ ഉത്തര്‍പ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവല്‍(28), ഹരിയാന ഫരിദാബാദ് സ്വദേശിയായ പ്രകാശ് ജയ്(54) എന്നിവരാണ് പിടിയിലായത്.കണ്ണൂര്‍ സിറ്റി സൈബര്‍ ക്രൈം പൊലീസാണ് ഉത്തര്‍പ്രദേശ് നോയിഡയില്‍ നിന്ന് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.
ഇവരുടെ പക്കൽ നിന്നും സിമ്മുകളും ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രതികളെ കണ്ണൂരിലെത്തിച്ചു. പ്രതികള്‍ ആളുകളെ വിളിച്ചിരുന്നത് സിം ബോക്‌സുകളിലൂടെയാണെന്നും ഇവരില്‍ നിന്ന് മുപ്പത് സിമ്മുകള്‍ പിടിച്ചെടുത്തതായും സൈബര്‍ പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ആപ്പിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നിതിന്‍ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് എഫ്ഐആര്‍.







