വിങ്ങിപ്പൊട്ടി പാങ്ങ് ഗ്രാമം; കണ്ണീര്‍ പൂക്കളര്‍പിക്കാന്‍ ആയിരങ്ങള്‍; ഏഴുപേര്‍ക്ക് അന്ത്യവിശ്രമം

0
55

മലപ്പുറം: വാല്‍പാറ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ അധ്യാപകര്‍ക്കും ജീവനക്കാരിക്കും ഒരു കുഞ്ഞിനും കണ്ണീരോടെ അന്ത്യയാത്ര ചൊല്ലി നാട്. വിങ്ങിപ്പൊട്ടിയാണ് പാങ്ങ് ഗ്രാമം മുഴുവന്‍ അമ്പലപ്പറമ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൊതുദര്‍ശനത്തില്‍ പങ്കെടുത്തത്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ പാങ്ങിലേക്ക് ഒഴുകിയെത്തി. ജോലിയിലും മരണത്തിലും ഒന്നിച്ച കൂട്ടുകാര്‍ കൂടിയായ ആ അധ്യാപകര്‍ക്ക് കണ്ണീരഞ്ജലിയര്‍പിച്ചാണ് അവസാനയാത്ര ചൊല്ലിയത്. അപകടത്തില്‍ മരിച്ച ഒന്‍പതില്‍ ഏഴുപേരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

മൂന്നു പള്ളികളിലായാണ് ഏഴു പേര്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്. സ്‌കൂളിലെ പ്രധാനാധ്യാപിക അജിതയുടെ സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്തും ആശയുടേത് കൊളത്തൂരിലെ വീട്ടുവളപ്പിലും നടക്കും. അര്‍ധരാത്രിയോടെ പൊള്ളാച്ചി ആശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്‌മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെ പൂര്‍ത്തിയാക്കി മൃതദേഹങ്ങളുമായുള്ള വിലാപയാത്ര പുലര്‍ച്ചെ 6.10നാണ് ആരംഭിച്ചത്. തുടര്‍ന്നു പാങ്ങ് അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചു. പ്രിയങ്കരരായ അധ്യാപകരെ അവസാനമായി ഒരുനോക്കു കാണാന്‍ നാടാകെ അമ്പലപ്പറമ്പിലേക്ക് ഒഴുകിയെത്തി.

വെള്ളിയാഴ്ച വൈകുന്നേരം 5.20ഓടെയാണ് പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാന്‍ വാല്‍പ്പാറ ചുരം റോഡില്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. നാട്ടിലേക്ക് മടങ്ങവേ ചുരത്തിലെ പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്‌മേല്‍ മറിഞ്ഞ് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. പെരിന്തല്‍മണ്ണയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ13 പേരാണ് ഉണ്ടായിരുന്നത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.

മലപ്പുറം പുലാമന്തോള്‍ സ്വദേശിയും പാങ്ങ് ജിഎല്‍പി സ്‌കൂളിലെ പ്രധാന അധ്യാപികയുമായ അജിത (54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല (52), സുഹറ (43), ആശ (41), അധ്യാപകനായ മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), സ്‌കൂളിലെ പാചകത്തൊഴിലാളി സാജിത (45), പാങ്ങ് ഗവ.എല്‍പി സ്‌കൂളില്‍ നിന്ന് സമീപത്തെ പാങ്ങ് ജിയുപി സ്‌കൂളിലേക്ക് അടുത്തിടെ മാറിയ അധ്യാപിക ഷക്കീന(37) എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ മരിച്ച അധ്യാപിക സുഹറയുടെ മകന്‍ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്.

അപകടത്തില്‍ മരിച്ച പാചകത്തൊഴിലാളിയായ സാജിതയുടെ മകന്‍ ഷഹദീന്‍ മുഹമ്മദ്(11), സ്‌കൂള്‍ ഡ്രൈവര്‍ കുന്നക്കാവ് സ്വദേശി നൗഷാദ് അലി (39), ടൂറിസ്റ്റ് വാനിന്റെ ഡ്രൈവര്‍ മുഹമ്മദ് ഫയീസ് (21) എന്നിവര്‍ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മരിച്ച ഷക്കീനയുടെ മകള്‍ മസ്‌നീനെ (10) പൊള്ളാച്ചി ഗവ ആശുപത്രിയില്‍നിന്ന് പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റി. മാതാവ് മരിച്ച വിവരം ഷഹദീനെയും മസ്‌നീനെയും അറിയിച്ചിട്ടില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here