വനിതാ സംവരണ ബില്ലിനെ പ്രതിപക്ഷം ഭ്രൂണഹത്യ ചെയ്തു; പ്രതിപക്ഷത്തിന് ശിക്ഷ ലഭിക്കും: നരേന്ദ്രമോദി

0
61

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടതില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വനിതാ സംവരണ പ്രതിപക്ഷം ഭ്രൂണഹത്യ ചെയ്‌തെന്നും പ്രതിപക്ഷത്തിന് അതിനുള്ള ശിക്ഷ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നതായി മോദി പറഞ്ഞു. വനിതാ സംവരണബില്‍ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനു പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഞങ്ങള്‍ക്ക് രാജ്യത്തിന്റെ താല്‍പര്യമാണ് പ്രധാനമെന്നും എന്നാല്‍ ചിലര്‍ക്ക് വ്യക്തി താല്‍പര്യവും രാഷ്ട്രീയവുമാണ് വലുതെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ചു കൊണ്ട് മോദി പറഞ്ഞു.

കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഡിഎംകെയും സമാജ് വാദി പാര്‍ട്ടിയും അടക്കമുള്ളവരുടെ സ്വാര്‍ത്ഥ രാഷ്ട്രീയം സ്ത്രീകളെ വേദനിപ്പിച്ചു. സംവരണബില്‍ പരാജയപ്പെട്ടതില്‍ ഈ കുടുംബാധിപത്യ പാര്‍ട്ടികള്‍ സന്തോഷത്തോടെ കയ്യടിക്കുകയാണ്. അവര്‍ വെറുതെ മേശയില്‍ കൈ തട്ടുകയല്ല, മറിച്ച് സ്ത്രീകളുടെ ആത്മാഭിമാനത്തെയും അഭിമാനത്തെയും അവഹേളിക്കുകയായിരുന്നു. സ്ത്രീകളില്‍നിന്ന് അവരുടെ അവകാശങ്ങള്‍ തട്ടിയെടുത്തശേഷം അവര്‍ ആഘോഷിക്കുന്നത് ദുഃഖിപ്പിക്കുന്നതായും നരേന്ദ്രമോദി വ്യക്തമാക്കി.

എന്നാല്‍ സ്ത്രീകള്‍ എന്തു മറന്നാലും അവള്‍ക്കുണ്ടായ അപമാനം മറക്കുകയില്ല. പ്രതിപക്ഷം ചെയ്തത് ഓരോ സ്ത്രീയുടെയും മനസ്സിലുണ്ടായിരിക്കും. ഈ നേതാക്കളെ കാണുമ്പോള്‍ അവരോര്‍ക്കും. ഇവരാണ് പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെടുത്തി അതിനെ ആഘോഷിച്ചതെന്ന്. 21ാം നൂറ്റാണ്ടിലെ സ്ത്രീകള്‍ രാജ്യത്തെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നവരാണെന്ന് ഇവര്‍ മറന്നുപോയി. അതുകൊണ്ട് വനിതാ സംവരണത്തെ പരാജയപ്പെടുത്തിയ പാപം ചെയ്ത പ്രതിപക്ഷത്തിന് അതിനുള്ള ശിക്ഷ ഉറപ്പായും ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മണ്ഡല പുനര്‍നിര്‍ണയത്തെക്കുറിച്ച് വലിയ നുണകളാണ് പ്രതിപക്ഷം പരത്തുന്നത്. ഇതിന്റെ പേരില്‍ വിഭജനത്തിന്റെ തീ പടര്‍ത്താനാണ് ശമം. മണ്ഡല പുനര്‍നിര്‍ണയം നടപ്പാക്കിയാല്‍ ചില സംസ്ഥാനങ്ങള്‍ക്ക് ദോഷമുണ്ടാകുമെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെയും പ്രാതിനിധ്യം കുറയുകയില്ലെന്ന് തുടക്കം മുതല്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളുടെയും ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ ഒരേ അനുപാതത്തില്‍ മാത്രമേ വര്‍ധിപ്പിക്കൂവെന്നും എന്നിട്ടും കോണ്‍ഗ്രസും കൂട്ടാളികളും അത് അംഗീകരിക്കാന്‍ തയ്യാറല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here