ഇന്ത്യയിലെ ആദ്യ സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സില്‍ തീപിടുത്തം; അപകടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് തലേദിവസം

0
70

ജയ്പൂര്‍: രാജസ്ഥാനില്‍ ഉദ്ഘാടനത്തിനു തയ്യാറായ പെട്രോകെമിക്കല്‍-റിഫൈനറി കോംപ്ലക്‌സില്‍ വന്‍ തീപിടുത്തം. ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ഫീല്‍ഡ് സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സിലാണ് തീപിടുത്തം ഉണ്ടായത്. സംസ്‌കരണശാലയുടെ സി.ഡി.യു (ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്) ഭാഗത്താണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക വിവരം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന സംസ്‌കരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും രാജസ്ഥാന്‍ സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ സംയോജിത റിഫൈനറി-പെട്രോകെമിക്കല്‍ കോംപ്ലക്‌സ് രാജസ്ഥാനിലെ പച്പദ്ര ബാലോത്രയിലാണ് സ്ഥിതിചെയ്യുന്നത്., ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചും ആഭ്യന്തര ഉത്പാദനശേഷി വര്‍ദ്ധിപ്പിച്ചും ഇന്ത്യയുടെ ഊര്‍ജസുരക്ഷ ശക്തിപ്പെടുത്തുന്നതില്‍ റിഫൈനറി ഒരു നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

2013-ല്‍ അന്നത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന അശോക് ഗെഹ്ലോട്ട് സര്‍ക്കാരിന്റെ കാലത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയഗാന്ധിയാണ് സംസ്‌കരണശാലയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 2013 സെപ്റ്റംബര്‍ 22-നായിരുന്നു ഇത്. അന്ന് ഏകദേശം 37,230 കോടി രൂപയായിരുന്നു നിര്‍മാണ ചെലവ് പ്രതീക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ മാറിയ ശേഷം 2018 ജനുവരി 16-ന് പ്രധാനമന്ത്രി മോദി പദ്ധതി വീണ്ടും ആരംഭിക്കുകയും ചിലവ് 43,129 കോടി രൂപയായി പുതുക്കുകയും ചെയ്തു.

ഇന്ധനോത്പാദനത്തിനപ്പുറം, വലിയ അളവില്‍ ഡൗണ്‍സ്ട്രീം പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഈ സംസ്‌കരണശാലയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോളിപ്രൊഫൈലിന്‍, പോളിഎഥിലീന്‍ ബെന്‍സീന്‍, ടോളിന്‍, ബ്യൂട്ടാഡീന്‍ തുടങ്ങിയ ഉത്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഈ സംസ്‌കരണ ശാലയില്‍ നിന്ന് ലഭ്യമാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here