മൂന്നരക്കോടിയുടെ ലഹരി മരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അടക്കം കോഴിക്കോട് പിടിയില്‍; ലഹരി എത്തിച്ചത് രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം

0
32

കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയുമായി വിവിധ എക്‌സൈസ് വിഭാഗങ്ങളുടെ സംയുക്ത നീക്കം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ യുവതി അടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സര്‍ കൂടിയായ കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീന്‍(20), മലപ്പുറം കൊണ്ടോട്ടി കച്ചേരിക്കല്‍ സ്വദേശി പി.കെ.ഷഫീഖ്(35) എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നരക്കോടിയിലേറെ രൂപ വിലവരുന്ന 3.312 കിലോ മെത്താംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് വ്യാഴാഴ്ച ഉച്ചയോടെ ടോള്‍പ്ലാസയ്ക്കു സമീപം വച്ച് പിടിയിലായത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയതില്‍ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്.

രാജസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം കടത്തിക്കൊണ്ടുവന്ന രാസലഹരി മരുന്നുകള്‍ പന്തീരാങ്കാവ് ടോള്‍ പ്ലാസയ്ക്കു സമീപം വച്ച് കാറില്‍ കടത്തവേ പിടികൂടിയത്.പിടിയിലായ ഫാത്തിമ നസ്രീന്‍, പ്രണയബന്ധങ്ങള്‍ തുടങ്ങി റിലേഷന്‍ഷിപ്പുകളുമായി ബന്ധപ്പെട്ട വിഡിയോകളിലൂടെ ശ്രദ്ധേയയാണ്. പിടിയിലായ ഷഫീഖ് മുന്‍പും നിരോധിത ലഹരിമരുന്നു കടത്ത് കേസില്‍ അറസ്റ്റിലായിട്ടുണ്ടൈന്ന് എക്‌സൈസ് സംഘം പറയുന്നു. ഇയാള്‍ക്കെതിരെ വയനാട്, മലപ്പുറം ജില്ലകളില്‍ കേസുകളുണ്ട്. ചേലേമ്പ്ര തൈപ്പറമ്പ് സ്വദേശി ഫാറൂഖിന്റെ ഉടമസ്ഥതയില്‍ ഉളളതാണ് കാര്‍. പ്രതിദിനം 3,500 രൂപ വാടകയ്ക്കാണ് ഷഫീഖ് ഈ വാഹനം എടുത്തതെന്നാണ് വിവരം.

പിടിയിലായവര്‍ വില്‍പനക്കാരാണോ അതോ ഇടനിലക്കാരാണോ എന്നത് അന്വേഷിച്ചു വരികയാണ്. പ്രാഥമിക അന്വേഷണത്തില്‍ മലപ്പുറം ചേലമ്പ്രയിലേക്കാണ് ലഹരിമരുന്നുകള്‍ എത്തിക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തി. മംഗളൂരുവില്‍ നിന്ന് കുടുംബയാത്രയെന്ന വ്യാജേന സംശയം ഒഴിവാക്കാനാണ് ഫാത്തിമ നസ്‌റീനെ വാഹനത്തില്‍ യാത്രക്കാരിയായി ഉള്‍പ്പെടുത്തിയെന്നാണ് ഷഫീഖ് നല്‍കിയ മൊഴി. ഫാത്തിമയെയും ഷഫീഖിനെയും ചോദ്യംചെയ്യുന്നതോടെ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പേരെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് എക്‌സൈസ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here