spot_imgspot_imgspot_img

തെരഞ്ഞെടുപ്പ് ഫലം: സി പി എമ്മിന്റെയും ബി ജെ പി യുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ജനം കനത്ത മറുപടി നൽകി: വെൽഫെയർ പാർട്ടി

Date:

കോഴിക്കോട്: സി പി എമ്മിന്റെയും ബി ജെ പിയുടെയും വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് കേരളീയ സമൂഹം നൽകിയ കനത്ത തിരിച്ചടിയാണ് നിയമസഭ തെരഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ്‌ പാലേരി പത്രസമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫിനെയും എൻഡിഎയെയും പരാജയപ്പെടുത്താൻ വെൽഫെയർ പാർട്ടി നടത്തിയ രാഷ്ട്രീയ ആഹ്വാനത്തെ ഏറ്റെടുത്ത മുഴുവൻ വോട്ടർമാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു.

മൃദുഹിന്ദുത്വയിലൂടെയും സാമുദായിക ധ്രുവീകരണത്തിലൂടെയും അധികാരത്തിൽ തുടരാനുള്ള സി പി എമ്മിന്റെ കുതന്ത്രങ്ങളെയും കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യ – രാഷ്ട്രീയ ഘടനയെ അട്ടിമറിച്ചും പണമൊഴുക്കിയും ഭരണത്തിലേറാമെന്ന സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയ പദ്ധതികളെയും പരാജയപ്പെടുത്തുകയും പ്രതിരോധിക്കുകയും ചെയ്‌ത കേരളീയ സമൂഹത്തെ വെൽഫെയർ പാർട്ടി അഭിവാദ്യം ചെയ്യുന്നു.

കഴിഞ്ഞ 10 വർഷമായി കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ തുടരുന്ന ആർ എസ് എസ് ദാസ്യത്തെയും ജനവിരുദ്ധ നയങ്ങളെയും കേരളീയ സമൂഹം കൃത്യമായിത്തന്നെ വിലയിരുത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ. തുടർച്ചയായി സാമുദായിക ധ്രുവീകരണ അന്തരീക്ഷം നിർമിച്ച് മുസ്‌ലിം അപരവത്കരണത്തിലൂടെ അധികാരം നിലനിർത്തുകയെന്ന ഹീനമായ തെരഞ്ഞെടുപ്പ് തന്ത്രമാണ് സി പി എം സമീപകാലത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പയറ്റിയിരുന്നത്. ഒരു തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മാനവും കടന്ന് അത് സി പി എമ്മിന്റെ സ്ഥായിയായ രാഷ്ട്രീയനയമായി മാറുന്ന കാഴ്ചയാണ് കേരളം കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ടു കൊണ്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പുകളിൽ വിജയിക്കണമെങ്കിൽ സംഘ്പരിവാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിപ്പോരുന്ന അപരവത്കരണ – ധ്രുവീകരണ രാഷ്ട്രീയം തന്നെയാണ് എളുപ്പവഴിയെന്ന കണക്കുകൂട്ടലിലായിരുന്നു സി പി എം. ഇത് ആത്യന്തികമായി സി പി എമ്മിന് നഷ്ടക്കച്ചവടമാണെന്നും ബി ജെ പി യുടെ അക്കൗണ്ടിലേക്ക് മെയ്യനങ്ങാതെ വന്നു ചേരുന്ന രാഷ്ട്രീയ നിക്ഷേപമായിരിക്കുമെന്നുമുള്ള വെൽഫെയർ പാർട്ടിയുടെ മുന്നറിയിപ്പുകൾ ശരിയായിരുന്നുവെന്നും തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ട്.

ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും തിരുത്തുമെന്ന് നേതൃത്വം ആവർത്തിക്കുകയല്ലാതെ തങ്ങൾ തുടർന്ന് പോരുന്ന ധ്രുവീകരണ രാഷ്ട്രീയത്തെ കൈവെടിയുവാൻ സി പി എം ഇതുവരെയും തയ്യാറായിട്ടില്ല. ധ്രുവീകരണ രാഷ്ട്രീയത്തോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് വേളയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും വാഗ്ദാനം ചെയ്ത ആകർഷകമായ ക്ഷേമപദ്ധതികൾ തങ്ങൾക്ക് അധികാരം നേടിത്തരുമെന്ന പ്രതീക്ഷകളെയും കേരളം കട പുഴക്കിയെറിഞ്ഞിരിക്കുകയാണ്. കണ്ണിൽ പൊടിയിടുന്ന ക്ഷേമ വാഗ്ദാനങ്ങളെക്കാൾ പ്രധാനപ്പെട്ടതാണ് കേരളം കാത്തു സൂക്ഷിക്കുന്ന മതനിരപേക്ഷതയും സാമൂഹിക സഹവർത്തിത്വവുമെന്ന് കേരളീയ സമൂഹം ഒരിക്കൽക്കൂടി പ്രഖ്യാപിച്ചിരിക്കുന്നു. പണമൊഴുക്കിയുള്ള പി ആർ ഗിമ്മിക്കുകൾ സൃഷ്ടിക്കാൻ ശ്രമിച്ച പൊതുബോധത്തെക്കാൾ മുകളിലാണ് തങ്ങളുടെ രാഷ്ട്രീയ ബോധമെന്ന് മലയാളിസമൂഹം തെളിയിച്ചിരിക്കുന്നു. ജനകീയ സമരങ്ങളെ ഞെരിച്ചമർത്തിയും അവകാശ സമരങ്ങളെ പൈശാചികവത്കരിച്ചും മറുചോദ്യങ്ങളെ വായടപ്പിക്കാൻ ശ്രമിച്ചും 10 വർഷം നടത്തിയ ഉരുക്കുഭരണത്തെ സഹിക്കാൻ തങ്ങളിനിയും തയ്യാറാല്ലെന്ന കേരളീയ സമൂഹത്തിന്റെ ധീരമായ പ്രഖ്യാപനം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള സി പി എമ്മിന്റെ നേതാക്കൾക്ക് കനത്ത തിരിച്ചടിയാണ് ജനം നൽകിയിരിക്കുന്നത്.

നരേന്ദ്ര മോദി അടക്കമുള്ള കേന്ദ്ര നേതാക്കളെ എഴുന്നള്ളിച്ചും എൻ ഡി എ ക്ക് നേതൃത്വം നൽകുന്ന മുതലാളിമാരുടെ കോർപ്പറേറ്റ് പണമൊഴുക്കിയും പ്രലോഭനവും ഭീഷണിയും അടക്കമുള്ള കെണികളൊരുക്കിയും നിയമസഭയിലെ അംഗത്വം വർധിപ്പിക്കാമെന്ന കണക്കുകൂട്ടലിൽ കളത്തിലിറങ്ങിയ ബി ജെ പി യുടെ വംശീയ രാഷ്ട്രീയത്തെയും കേരളം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഹിന്ദു – മുസ്‌ലിം വിഭജനത്തോടൊപ്പം ക്രിസ്ത്യൻ സമൂഹത്തെ മുസ്‌ലിം സമൂഹത്തിനെതിരാക്കി തിരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന ബി ജെ പി പദ്ധതിയെ കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ നിലപാട് ഉയത്തിപ്പിടിക്കുന്ന സമൂഹം പരാജയപ്പെടുത്തി. കേരളത്തിലെ ന്യൂനപക്ഷ – പിന്നാക്ക സമൂഹങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഉയർത്തിപ്പിടിച്ച ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് പോറലുകൾ ഏറ്റിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിക്കുന്നു. ആരാണ് യഥാർത്തിലുള്ള പൊതുശത്രുവെന്ന് തിരിച്ചറിഞ്ഞ് ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്കെതിരായ പ്രതിരോധ രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ സമ്മാനിച്ച തെരഞ്ഞെടുപ്പാണ് ഇവിടെ നടന്നിരിക്കുന്നത്.

തങ്ങളെ ഭരണമേല്പിച്ച ജനവിധിയുടെ വിശാലതാൽപര്യങ്ങൾ തിരിച്ചറിഞ്ഞു സംസ്ഥാന ഭരണം മുന്നോട്ട് നയിക്കാൻ യു ഡി എഫിന് സാധിക്കേണ്ടതുണ്ട്. ആഭ്യന്തര വകുപ്പിലെ ആർ എസ് എസ് സ്വാധീനം, പിന്നാക്ക സമൂഹങ്ങളും പ്രാദേശിക ജനവിഭാഗങ്ങളും ഉയർത്തുന്ന സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വിവിധതരം ആവശ്യങ്ങൾ, ജനങ്ങളുടെ പൊതുവായ ക്ഷേമ – വികസന താല്പര്യങ്ങൾ, കേരളത്തിൽ വർധിച്ചു വരുന്ന വിദ്വേഷ അന്തരീക്ഷ നിർമിതിക്കെതിരായ ശക്തമായ നടപടികൾ, ജനകീയ – അവകാശ സമരങ്ങളോടുള്ള ജനാധിപത്യപരമായ സമീപനങ്ങൾ തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ 10 വർഷമായി തുടരുന്ന തെറ്റായ സമീപനങ്ങൾ തിരുത്താൻ യു ഡി എഫിന് ബാധ്യതയുണ്ട്. സാമൂഹിക സഹവർത്തിത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനുള്ള നടപടികൾ കൈക്കൊള്ളുകയും വോട്ടർമാർ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്താൻ സാധിക്കുകയും വേണം. ജനവിധിയുടെ വിശാലമായ താലപര്യങ്ങളെ ഉൾക്കൊണ്ടു കൊണ്ട് ഭരണം നടത്താൻ യു ഡി എഫിന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല...

വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി

തിരുവനന്തപുരം: വെള്ളൂർ മുസ്ലിം ജമാഅത്ത് പള്ളിയിൽ പുതിയ പരിപാലന സമിതി നിലവിൽ...

പഞ്ചാബിൽ ഭീതി പരത്തി ജലന്ധറിലും അമൃത്‌സറിലും സ്‌ഫോടന പരമ്പര

ചണ്ഡീഗഢ്: പഞ്ചാബിൽ ഭീതി പരത്തി മണിക്കൂറുകൾക്കിടയിൽ രണ്ട് പ്രധാന നഗരങ്ങളിൽ സ്ഫോടനം....

വാണിജ്യ സിലിണ്ടർ വില വർധനവിൽ പ്രതിഷേധം; സംസ്ഥാനത്ത് ഹോട്ടലുകളും ബേക്കറികളും അടഞ്ഞു കിടക്കുന്നു

കൊച്ചി: സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടുന്നു. വാണിജ്യ എല്‍പിജി...
Telegram
WhatsApp