മുഖ്യമന്ത്രി ചര്‍ച്ച ആരംഭിക്കുന്നു; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തലസ്ഥാനത്ത്; വ്യാഴാഴ്ച നിയമസഭാകക്ഷി യോഗം

0
28

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക വിജയം നേടിയ യുഡിഎഫും കോണ്‍ഗ്രസും മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചയിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നതിന് എഐസിസി നിരീക്ഷകര്‍ തലസ്ഥാനത്തെത്തി. മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവരാണ് തിരുവനന്തപുരത്തെത്തിയിട്ടുള്ളത്. ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡുമായി കൂടിക്കാഴ്ച നടത്തിയ രമേശ് ചെന്നിത്തലയും തിരികെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് സംഘം ആദ്യം മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുമായാണ് കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിനായി എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്.

വ്യാഴാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. 63 എംഎല്‍എമാരും പങ്കെടുക്കുന്ന ആ യോഗത്തില്‍ മുകുള്‍ വാസ്‌നികും അജയ് മാക്കനും പങ്കെടുക്കും. തുടര്‍ന്ന് മുഴുവന്‍ എംഎല്‍എമാരുമായും ഒറ്റയ്‌ക്കൊറ്റയ്ക്കും എഐസിസി സംഘം കൂടിക്കാഴ്ച നടത്തി ഹിതപരിശോധന നടത്തും. പുറമേ, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും സംസാരിക്കുന്ന എഐസിസി സംഘം ഇതിനു ശേഷം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.

എംഎല്‍എമാരെ ഒറ്റയ്ക്ക് കാണണമെന്ന ആവശ്യം മുന്നോട്ട് വച്ചത് വി.ഡി സതീശന്‍ പക്ഷമാണ്. കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷി പങ്കെടുക്കാന്‍ പാടില്ലെന്നുമുള്ള നിര്‍ദേശം സതീശന്‍ പക്ഷം മുന്നോട്ട് വച്ചു. ഏതാണ്ട് മുപ്പതിലേറെ എംഎല്‍എമാരുടെ പിന്തുണ ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സതീശന്‍ പക്ഷത്തിന്റെ ആത്മവിശ്വാസം. അതേസമയം ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് കെ.സി.വേണുഗോപാല്‍ പക്ഷവും അവകാശപ്പെടുന്നു.

അതേസമയം, കേരളത്തിലെ കാര്യം ചര്‍ച്ച ചെയ്യാനല്ല ഡല്‍ഹിയില്‍ പോയതെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കേരളത്തിലൈത്തിയിട്ടുണ്ട്. അത് അവര്‍ ചെയ്ത് റിപ്പോര്‍ട്ട് സമര്‍പിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here