

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും പുതിയ മന്ത്രിസഭ തയ്യാറാകാത്തതോടെ ഭരണസ്തംഭനം ഒഴിവാക്കാനുള്ള നടപടിയുമായി ചീഫ് സെക്രട്ടറി. വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ് ചീഫ് സെക്രട്ടറി. സ്‌കൂള്‍ തുറക്കലും മണ്‍സൂണ്‍ മുന്നൊരുക്കങ്ങളും അടക്കമുള്ള വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്. സ്‌കൂള്‍ ഫിറ്റ്‌നസ് പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഊര്‍ജിതമാക്കാന്‍ വിദ്യാഭ്യാസവകുപ്പിനു നിര്‍ദേശം നല്‍കി. പാഠപുസ്തക വിതരണം മേയ് 31നുള്ളില്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.
മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലകള്‍ക്ക് ഓരോ കോടി രൂപ വീതം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മങ്കടയില്‍ ഇടിമിന്നലേറ്റു മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യവും ചര്‍ച്ചയായി. ഇതിനായി മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റ് നാഥനില്ലാക്കളരിയായതോടെ ഫയല്‍നീക്കം ഏതാണ്ട് സ്തംഭിച്ച മട്ടിലാണ്. അത്യാവശ്യ ഫയലുകളില്‍ ഉദ്യോഗസ്ഥര്‍ തീരുമാനം തേടുമ്പോള്‍ പുതിയ സര്‍ക്കാര്‍ വരട്ടെ, അല്ലെങ്കില്‍ ചീഫ് സെക്രട്ടറി നിര്‍ദേശിക്കട്ടെ എന്നാണ് വകുപ്പു സെക്രട്ടറിമാരുടെ മറുപടി.
ശമ്പള വിതരണവും യുഡിഎഫ് സര്‍വീസ് സംഘടനകള്‍ ഇടപെട്ട് ആരംഭിച്ചിരിക്കുന്ന സ്ഥലംമാറ്റങ്ങളും മാത്രമാണ് മുടക്കമില്ലാതെ നടക്കുന്നത്. സാങ്കേതികമായി ഇപ്പോഴും മുഖ്യമന്ത്രിയാണെങ്കിലും പിണറായി വിജയന്‍ ഭരണകാര്യങ്ങളില്‍ ഇടപെടുന്നില്ല. മന്ത്രിമാരെല്ലാം സ്ഥാനമൊഴിഞ്ഞു. മുഖ്യമന്ത്രി രാജിക്കത്തു നല്‍കുമ്പോള്‍ കാവല്‍ മന്ത്രിസഭ തുടരാന്‍ ഗവര്‍ണര്‍ നിര്‍ദേശിക്കുകയാണു പതിവ്. എന്നാല്‍, ഇത്തവണ മുഖ്യമന്ത്രിയോടു മാത്രമാണ് ഗവര്‍ണര്‍ തുടരാന്‍ നിര്‍ദേശിച്ചത്.










