വി.ഡി സതീശന്റെ ആദ്യ ചുവടുവയ്പ്പ്; ധവളപത്രം ഇറക്കും; പുതിയ ബജറ്റ് ജൂണ്‍ അഞ്ചിന്

0
38

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതിനു പിന്നാലെ അതിനിര്‍ണായക ചുവട് വയ്പ്പുകളുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍. മുന്‍സര്‍ക്കാരിന്റെ ധനസ്ഥിതി വെളിവാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്ന് സതീശന്‍ ആദ്യമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് അറിയിച്ചു. ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്ന പുതിയ ബജറ്റും വൈകാതെ ജൂണ്‍ അഞ്ചോടെ അവതരിപ്പിച്ചേക്കും. ‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’ എന്നായിരുന്നു രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റിനെതിരെ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ ഉന്നയിച്ച വിമര്‍ശനം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി രൂപീകരിച്ച ‘കിഫ്ബി’ കേരളത്തിന്റെ കടമെടുപ്പ് രീതികളെ തകിടംമറിച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കേരളത്തിന്റെ കടമെടുപ്പ് രീതികളെ തകിടം മറിച്ച കിഫ്ബിയെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇല്ലാതാക്കുമെന്ന പ്രചാരണം മുഖ്യമന്ത്രി സതീശന്‍ തള്ളിക്കളഞ്ഞിരുന്നു. കിഫ്ബിയെ പുനഃക്രമീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുക. കിഫ്ബി വഴി എടുക്കുന്ന കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുമെന്ന് കേന്ദ്രസര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ കടപരിധി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചതും ഈ വാദമുന്നയിച്ചായിരുന്നു.

പുതിയ സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. സാമ്പത്തിക ഞെരുക്കത്തില്‍ നിന്നുകൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുകയെന്ന വെല്ലുവിളിയാണ് ധനമന്ത്രികൂടിയായ സതീശനെ കാത്തിരിക്കുന്നത്. ആശമാരുടെ ഓണറേറിയം 3000 രൂപവര്‍ധിപ്പിച്ചതും അങ്കണവാടി ജീവനക്കാര്‍, പാചകത്തൊഴിലാളികള്‍, പ്രീപ്രൈമറി ടീച്ചര്‍, ആയമാര്‍ എന്നിവരുടെ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര എന്ന വാഗ്ദാനം ജൂണ്‍ 15 മുതലും പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here