അധികാരം ഒഴിയും മുന്‍പ് എല്‍ഡിഎഫിന്റെ അവസാനത്തെ നടപടി; പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ട പരോള്‍

0
24

കാസര്‍ഗോഡ്: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിനു മുന്‍പായി കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിച്ചു. കേസിലെ പത്ത് പ്രതികള്‍ക്കും പരോള്‍ അനുവദിച്ചിട്ടുണ്ട്. അഞ്ചു പ്രതികള്‍ പരോളില്‍ ഇറങ്ങി. അടുത്ത അഞ്ചുപേര്‍ അടുത്ത ദിവസങ്ങളില്‍ ജയിലില്‍ നിന്ന് ഇറങ്ങും. ഒന്നാംപ്രതി പീതാംബരന്‍, നാലാം പ്രതി അനില്‍, അഞ്ചാം പ്രതി ഗിജിന്‍, ഏഴാം പ്രതി അശ്വിന്‍, പതിനഞ്ചാം പ്രതി സുരേന്ദ്രന്‍ എന്നിവരാണ് ഇപ്പോള്‍ പരോള്‍ കിട്ടി പുറത്തെത്തിയത്. രണ്ടാം പ്രതി സജി, മൂന്നാം പ്രതി സുരേഷ്, ആറാം പ്രതി ശ്രീരാഗ്, എട്ടാം പ്രതി സുഭീഷ്, പത്താം പ്രതി രഞ്ജിത്ത് എന്നിവര്‍ അടുത്ത ദിവസങ്ങളില്‍ ജയിലില്‍ നിന്ന് ഇറങ്ങും. പതിനഞ്ച് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുന്നതിന് മുമ്പാണ് എല്ലാ പ്രതികള്‍ക്കും പരോളിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയതെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് ഒത്താശ ചെയ്യുകയായിരുന്നുവെന്നും കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ കുറ്റപ്പെടുത്തി.

2019 ഫെബ്രുവരി 17നായിരുന്നു കാസര്‍ഗോഡ് പെരിയയില്‍ കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡില്‍ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോള്‍ ശരത്തിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊന്‍പതുമായിരുന്നു പ്രായം.

കേസില്‍ പീതാംബരന്‍ ഉള്‍പ്പെടെ പത്ത് പ്രതികളെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 22 മാസം നീണ്ട വിചാരണയ്ക്ക് ഒടുവിലായിരുന്നു കേസില്‍ ശിക്ഷ വിധിച്ചത്. പത്ത് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here