
തിരുവനന്തപുരം: അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അഴിമതി രഹിത സംസ്ഥാനമായി കേരളത്തെ മാറ്റാൻ വിജിലൻസ് ആൻഡ് ആന്‍റി കറപ്ഷൻ ബ്യൂറോ ‘പ്രോജക്ട് സീറോ’ എന്ന പദ്ധതിയാണ് ആരംഭിക്കുന്നത്.
ജനങ്ങളുടെ സഹായത്തോടെ പദ്ധതി നടപ്പിലാക്കുമെന്നും അഴിമതി കണ്ടാല്‍ ജനങ്ങള്‍ക്ക് ഇനി മുതല്‍ നേരിട്ടറിയിക്കാമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷൻ പ്രോജക്ട് സീറോയുടെ ഭാഗമായി അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.
ലഹരിക്കെതിരെ ‘ഓപ്പറേഷന്‍ തൂഫാന്‍- ദ നാർക്കോ ഹണ്ട്’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പദ്ധതി. ലഭിക്കുന്ന വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ അഴിമതിയും കൈക്കൂലിയും പൂർണമായും തുടച്ചുനീക്കാനുള്ള കർമ്മപദ്ധതിയുമായാണ് ആഭ്യന്തരവകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും നേതാക്കളെയും വെറുതെ വിടില്ലെന്നും അവരെ വിജിലന്‍സ് നിരീക്ഷിക്കുമെന്നും ചെന്നിത്തല പറഞ്ഞു. വിജിൻസ് ആസ്ഥാനത്തെ യോഗത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ സേവനങ്ങൾ ന്യായമായും സമയബന്ധിതമായും ലഭിക്കാനുള്ള അവകാശം സംരക്ഷിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പാവപ്പെട്ടവന് പണം കൊടുക്കാതെ ആവശ്യങ്ങള്‍ നേടിയെടുക്കാനാവണം. പണം കൊടുത്ത് കാര്യം നടത്തുന്ന നിലപാട് ഉപേക്ഷിക്കണം. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത് ആനുകൂല്യങ്ങളല്ല. അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.







