

തിരുവനന്തപുരം : സംസ്ഥാനത്ത് 2506 വാഹനങ്ങൾ ഈ മാസം പൊളിക്കാൻ തീരുമാനം. സംസ്ഥാന സർക്കാരിനു കീഴിലും കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുമുള്ള വാഹനങ്ങളാണ് പൊളിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ ഭാഗമായാണ് പഴയ വാഹനങ്ങൾ പൊളിക്കാൻ തീരുമാനിച്ചത്.
സർക്കാരിനു കീഴിൽ 884 വാഹനങ്ങളും കെഎസ്ആർടിസിക്കു കീഴിൽ 1622 വാഹനങ്ങളുമാണ് പൊളിക്കാനായി തിരഞ്ഞെടുത്തത്. ധനവകുപ്പ് വാഹനങ്ങൾ ഈ മാസം 28നു മുൻപ് പൊളിക്കണമെന്നു എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. ഇവയ്ക്കു പകരമായി വാങ്ങുന്ന പുതിയ വാഹനങ്ങൾക്കു നികുതി ഇളവ് ലഭിക്കും. പൊളിക്കുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും കുടിശികയുണ്ടെങ്കിൽ എഴുതിത്തള്ളും. ഒരു വർഷത്തിനുള്ളിൽ പൊളിക്കുന്നവയ്ക്കാണ് ഈ ഇളവ്.







