കഴക്കൂട്ടം: തുമ്പ സെൻ സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥികളെ മാരകായുധങ്ങളുമായി ഒരു സംഘം വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. 12 പേര് അടങ്ങുന്ന സംഘമാണ് വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ കയറി വിദ്യാർഥികളെ മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.
ആയുധങ്ങളുമായി എത്തിയ സംഘം വെട്ട് റോഡ് റെയിൽവേ ഗേറ്റിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥികള മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. വാടക വീട്ടിൽ താമസിക്കുന്ന 6 വിദ്യാർഥികൾ മംഗലപുരം പൊലീസിൽ പരാതി നൽകി.
സംഭവം നടന്നത് ഇന്നലെ രാത്രി 8.30 നോടെയാണ്. നേരത്തെ തുമ്പ ഭാഗത്തുള്ള ചിലർ കോളജിൽ കയറുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായി. അതിൻ്റെ പിന്നിൽ വെട്ടു റോഡ് വാടക വീട്ടിൽ താമസിക്കന്ന വിദ്യാർഥികളാണെന്ന് ആരോപിച്ചാണ് 12 അംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചത്. വീട്ടിൽ എത്തിയ ഇവർ ബിയർ കുപ്പി വലിച്ചെറിഞ്ഞെന്നും ആയുധം കാട്ടി ഭീഷണിപ്പെടുത്തിയെന്നും ഇവരെ എതിർത്ത 3 വിദ്യാർഥികളെ മർദിച്ചു എന്നുമാണ് പരാതി. പരാതിയെ തുടർന്ന് കണ്ടാൽ അറിയാവുന്ന 12 പേർക്കെതിരെ പൊലീസ് കേസെടുത്തു.