നെടുമങ്ങാട്: നെടുമങ്ങാട് അരുവിക്കരയിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര സ്വദേശി രേഷ്മയാണ് മരിച്ചത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. രാവിലെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം.
സംഭവ സമയത്ത് ഭർത്താവ് അക്ഷയ് രാജ് വീട്ടിലുണ്ടായിരുന്നില്ല. സംഭവ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തുകയാണ്. ജൂൺ 12നാണ് അക്ഷയ് രാജുമായുള്ള വിവാഹം നടന്നത്. രണ്ടു മാസം തികയുന്നതിന് മുമ്പാണ് രേഷ്മ ആത്മഹത്യ ചെയ്യുന്നത്.