ഡൽഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന രീതി ഇന്ത്യയില്‍ നടപ്പാക്കുന്നതിനായി നിര്‍ണ്ണായക നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചു ചേർക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഈ സാധ്യത പഠിക്കുന്നതിനായി മുന്‍രാഷ്ട്രപതിയെ അധ്യക്ഷനാക്കി പ്രത്യേക സമിതി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചു. വിഷയം പഠിച്ചതിന് ശേഷം പാനൽ കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.
നിയമ വിദഗ്ധരും മുന്‍തിരഞ്ഞെടുപ്പ് കമ്മിഷണറും ഉള്‍പ്പെടെയുള്ളവരാകും രാംനാഥ് കോവിന്ദ് സമിതിയിലെ അംഗങ്ങള്‍. ഇതുസംബന്ധിച്ച് നിയമമന്ത്രാലയം ഉടന്‍ വിജ്ഞാപനം ഇറക്കുമെന്നാണ് സൂചന. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് സമ്മേളനം വിളിച്ചിരിക്കുന്നത്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയാണ് തീരുമാനം അറിയിച്ചത്.