ബെംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിന്റെ ലോഞ്ച് വെഹിക്കിളിന്റെ ചില ഭാഗങ്ങൾ ഭൂമിയിലേക്ക് തിരിച്ചെത്തിയതായി ഐഎസ്ആർഒ. വടക്കൻ പസഫിക് സമുദ്രത്തിൽ വിക്ഷേപണ വാഹനത്തിന്റെ ഭാഗങ്ങൾ പതിച്ചതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഉപയോഗിച്ച എല്‍വിഎം3 എം4 റോക്കറ്റിന്റെ ഭാഗമാണ് ഭൂമിയിൽ പതിച്ചത്.
വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങൾക്ക് ശേഷമാണ് റോക്കറ്റിന്റെ ഭാഗം തിരികെ ഭൂമിയിലെത്തിയത്. ഉപഗ്രഹത്തിന്റെ ഈ ഭാഗം തിരിച്ച് ഭൂമിയിലേക്ക് വരുന്നത് ഒഴിവാക്കാൻ കഴിയില്ലെന്നും ബുധനാഴ്ച ഇത് പസഫിക് സമുദ്രത്തിൽ വീണതായും ഐഎസ്ആർഒ കൂട്ടിച്ചേർത്തു. കൂടാതെ എൽവിഎം 3 എം4 വിക്ഷേപണ വാഹനത്തിന്റെ ക്രയോജനിക് അപ്പർ സ്റ്റേജ് പൂർത്തിയായതായി ഐഎസ്ആർഒ പറയുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 2.42 നാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ റോക്കറ്റ് ഭാഗം അന്തരീക്ഷത്തില്‍ പ്രവേശിച്ചത്. ജൂലൈ 14-നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് 23ന് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങും നടത്തിയിരുന്നു.