തിരുവനന്തപുരം: ഇനി ഒരു തീരുമാനവും എടുക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. കഴിഞ്ഞ ദിവസം ഇലക്ട്രിക്ക് ബസുകൾ ലാഭത്തിലല്ല പ്രവർത്തിക്കുന്നതെന്ന് മന്ഗ്രി പറഞ്ഞിരുന്നു. എന്നാൽ തുടർന്ന് വന്ന കെ എസ് ആർ ടി സിയുടെ വാർഷിക റിപ്പോർട്ടിൽ ഇലക്ട്രിക്ക് ബസുകൾ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്ന് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ രംഗത്തെത്തിയത്.
താൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാമെന്നും ഇനി കണക്ക് പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. തന്നെ മനഃപൂർവം ടാർഗറ്റ് ചെയ്യുകയാണ്. തന്നെ ഉപദ്രവിക്കാൻ ചിലർക്ക് പ്രത്യേക താത്പര്യമുണ്ട്. എന്നാൽ താൻ ആരെയും ദ്രോഹിക്കാറില്ലെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ഇനി ഒരു തീരുമാനവും എടുക്കില്ലെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, കേരളത്തിൽ വാഹന നികുതി കൂടുതലെന്ന് മന്ത്രി വ്യക്തമാക്കി. വാഹന രജിസ്ട്രേഷനിലൂടെ ലഭിക്കേണ്ട പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. ഇത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.