
തിരുവനന്തപുരം: ശ്രീകുമാരൻ തമ്പിയുടെ കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളുണ്ടായിരുന്നുവെന്നും അത് തിരുത്തുവാൻ ആവശ്യപ്പെത്തുന്നുവെന്നും സച്ചിദാനന്ദൻ പറയുന്നു. എന്നാൽ ശ്രീകുമാരൻ തമ്പി തയാറായില്ലെന്നും അതിനാലാണ് നിരാകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ബികെ ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയാറിയെന്നും ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.
അതേസമയം കമ്മറ്റിയിലെ ആരും ശ്രീകുമാരൻ തമ്പിയുടെ പാട്ട് അംഗീകരിച്ചില്ലെന്നും അതിനാലാണ് പാട്ടെഴുതാൻ വേറെ ആളെ തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചതെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി.


