കൊല്ലം : മത്സ്യബന്ധന വള്ളം കടലിൽ വെച്ച് തകർന്നു. പെരുമാതുറ മുതലപ്പൊഴിയിൽ നിന്ന് കൊല്ലത്തേയ്ക്ക് പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. മുതലപ്പൊഴിയിൽ നിന്നും കൊല്ലം വാടി ഹാർബറിലേക്ക് അറ്റകുറ്റപണിക്കായി പോയ വള്ളമാണ് അപകടത്തിൽപ്പെട്ട് തകർന്നത്.
പുതുക്കുറിച്ചി സ്വദേശി സനിലിൻ്റെ ഉടമസ്ഥതയിലുള്ള നേതാവ് എന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മുതലപ്പൊഴിയിൽ നിന്നും അപകടത്തിൽ പെട്ട വള്ളം അറ്റകുറ്റപണികൾക്കായി മറ്റൊരു വള്ളത്തിൽ കെട്ടിവലിച്ചാണ് കൊല്ലത്തേക്ക് പുറപ്പെട്ടത്. കൊല്ലം വാടി ഹാർബറിന് കരയിൽ നിന്ന് 13 മൈൽ അകലെവച്ച് വള്ളത്തിൻ്റെ താഴ്ഭാഗത്ത് വെൽഡിംഗ് പ്പൊട്ടി അപകടത്തിൽപ്പെടുകയായിരുന്നു. വള്ളത്തിന്റെ താഴ്ഭാഗം തകർന്നതോടെ വള്ളത്തിലേക്ക് വെള്ളം ഇരച്ചുകയറി മറിയുകയായിരുന്നു.
ആറോളം പേരടങ്ങുന്ന സംഘമായിരുന്നു വള്ളത്തിൽ ഉണ്ടായിരുന്നത്.അപകടത്തിൽ സിയോ, ശ്യാം, സുജിത്ത്, ഷാൻ, അസീസ്, സജീർ തുടങ്ങിയവർക്കാണ് പരുക്കേറ്റത്. ഇവർ പുതുക്കുറിച്ചി, പെരുമാതുറ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. കൊല്ലത്തെ കോസ്റ്റൽ പോലീസിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഇവരെ മാറ്റി. പ്രാഥമിക ചികിത്സ നൽകി പിന്നീട് വിട്ടയച്ചു.