തിരുവനന്തപുരം: കെഎസ്ആർടിസിയിൽ അസാധാരണ ഉത്തരവ് പുറപ്പെടുവിച്ച് ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ ബിജു പ്രഭാകർ. ശമ്പളം ഗഡുക്കളായി നൽകുന്ന രീതി സ്ഥിരമാക്കാനാണ് തീരുമാനം. അഞ്ചാം തീയതിക്ക് മുൻപായി ആദ്യ ഗഡു നൽകും. ആദ്യഗഡു നൽകുക അക്കൗണ്ടിലുള്ള പണവും ഓവർഡ്രാഫ്റ്റും എടുത്താണ്. രണ്ടാമത്തെ ഗഡു സര്ക്കാര് സഹായം ലഭിക്കുന്ന മുറയ്ക്ക് നല്കും.
മുമ്പ് ശമ്പള വിതരണത്തിന് സർക്കാർ സഹായം വൈകുമ്പോഴും, നടപടിക്രമങ്ങൾ പൂർത്തിയാകാതിരിക്കുമ്പോഴുമ്പാണ് വിവിധ ഘട്ടങ്ങളിലായി ശമ്പളം വിതരണം ചെയ്തിരുന്നത്. ഈ രീതി സ്ഥിരമായി തുടരാനാണ് കോർപ്പറേഷന്റെ തീരുമാനം. ഡ്രൈവർ- കണ്ടക്റ്റർ വിഭാഗത്തിന് ആദ്യം ശമ്പളം നൽകുക, മതാചാര- ഉത്സവ സമയങ്ങളിൽ അതതു മത വിഭാഗത്തിന് ശമ്പളം നൽകുക തുടങ്ങിയ പദ്ധതികൾ പരീക്ഷിച്ചാണ് സർക്കാർ സഹായം വൈകിയ മാസങ്ങളിൽ കോർപ്പറേഷൻ പിടിച്ചുനിന്നിരുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി പതിവായതോടെ ശമ്പളം ഗഡുക്കളായി നൽകാമെന്ന ആശയം സ്ഥിരമാക്കി സർക്കുലർ ഇറക്കുകയായിരുന്നു.
ഈ മാസം 25 മുൻപ് ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ അപേക്ഷ നൽകണം. ഇവർക്ക് സർക്കാർ സഹായം ലഭ്യമായ ശേഷം മൊത്തം ശമ്പളം ഒറ്റത്തവണയായി നൽകും. ജനുവരി മാസത്തെ ശമ്പളവിതരണം പൂർത്തിയായെങ്കിലും അടുത്ത ശമ്പളത്തിനു പുതിയ പദ്ധതിയുടെ ആലോചനയുമായി മാനേജ്മെന്റും അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ച കഴിഞ്ഞ ദിവസം അലസിപ്പിരിഞ്ഞിരുന്നു.
ഓരോ ഡിപ്പൊയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം 5നു മുൻപു ലഭ്യമാക്കുന്ന വരുമാനലക്ഷ്യ (ടാർഗറ്റ്) പദ്ധതിയാണു ഗതാഗത സെക്രട്ടറിയും സിഎംഡിയുമായ ബിജു പ്രഭാകർ മുന്നോട്ടുവച്ചത്. എന്നാൽ, ഇത് തൊഴിലാളി യൂണിയനുകൾ തള്ളിയതോടെയാണ് ശമ്പളം ഘട്ടം ഘട്ടമായി നൽകാനുള്ള തീരുമാനത്തിലേക്ക് കോർപ്പറേഷൻ എത്തിയത്. ഡിപ്പൊകൾ ചെലവിനെക്കാൾ വരുമാനമുണ്ടാക്കിയാൽ മാത്രമേ പൂർണശമ്പളം 5നു മുൻപു നൽകാനാകൂ എന്ന് ബിജു പ്രഭാകർ നിർദേശിച്ചിരുന്നു. ടാർഗറ്റ് എത്താത്ത ഡിപ്പൊകളിലും എല്ലാവർക്കും പൂർണ ശമ്പളം കിട്ടും. പക്ഷേ 5നു മുൻപു ലഭിക്കില്ലെന്നും മാനേജ്മെന്റ് യൂണിയനുകളെ അറിയിച്ചു.