
ഇരിങ്ങാലക്കുട: നടനും മുൻ എം പിയുമായ ഇന്നസെന്‍റിനെ കണ്ണീരോടെ ജന്മനാട് യാത്രയാക്കി. ഇന്നസന്റിന്റെ (75) ഭൗതികദേഹം ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയിൽ സംസ്കരിച്ചു. രാഷ്ട്രീയ, ചലച്ചിത്ര രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.
പൊതുദർശനത്തിനു ശേഷം വിലാപയാത്രയായാണ് ഭൗതികദേഹം പള്ളിയിലെത്തിച്ചത്.വീട്ടിൽ രാവിലെ ഒൻപതരയോടെ അന്ത്യപ്രാർഥന ചടങ്ങുകൾ ആരംഭിച്ചു. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ പ്രാർഥന ചടങ്ങുകൾക്ക് നേതൃത്യം നൽകി. തുടർന്ന് പൊലീസ് ഗാർഡ് ഓണർ നൽകി. ശേഷമാണ് മൃതദേഹം പള്ളിയിലെത്തിച്ചത്.
ഞായറാഴ്ച രാത്രി 10.30 ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വച്ചായിരുന്നു ഇന്നസെന്റ മരിച്ചത്. കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗൺ ഹാളിലും പൊതുദർശനത്തിനു വച്ചശേഷം ഭൗതികദേഹം തിങ്കളാഴ്ച വൈകിട്ടാണ് വീട്ടിലേക്കു കൊണ്ടുവന്നത്. ടവന്ത്രയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്രയായാണ് ഭൗതികദേഹം കൊണ്ടുപോയത്. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ അന്ത്യാഞ്ജലി അർപ്പിച്ചു.


