തിരുവനന്തപുരം: സംസ്ഥാനത്ത് തത്കാലം വൈദ്യുതി നിയന്ത്രണ നടപടികൾ ഉണ്ടാകില്ല. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം.
ലോഡ് ഷെഡ്‌ഡിങ് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കേണ്ട സാഹചര്യമാണെന്നും ജനങ്ങൾ വൈദ്യുതി കരുതി ഉപയോഗിക്കണമെന്നും വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സ്ഥിതി ഗതികൾ അവലോകനം ചെയ്യാനായി യോഗം ചേർന്നത്.
അടുത്ത മാസം നാലിനു ചേരുന്ന ഉന്നതതല യോഗത്തിൽ സ്ഥിതി പുനരവലോകനം ചെയ്യും. അതുവരെ മാത്രമാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടെന്ന തീരുമാനം യോഗത്തിൽ കൈകൊണ്ടത്.
കേന്ദ്ര സർക്കാരിനു കീഴിലുള്ള വൈദ്യുതി നിലയങ്ങളെ പ്രശ്നങ്ങൾ കാരണം കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായിരുന്നു. തകരാർ പരിഹരിച്ചതിനെത്തുടർന്ന് ഇതു പുനസ്ഥാപിച്ച സാഹചര്യത്തിലാണ് തത്കാലം നിയന്ത്രണം വേണ്ടെന്ന തീരുമാനം.