തിരുവനന്തപുരം: ഭിന്നശേഷി മേഖലയ്ക്ക് അഭിമാനമായി അന്താരാഷ്ട്ര ഓപ്പണ്‍ റിസര്‍ച്ച് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ജപ്പാനിലേയ്ക്ക് പോകുന്ന സെറിബ്രല്‍പാഴ്‌സി ബാധിതനായ വിഷ്ണുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം നന്നായി വരട്ടെ.. എല്ലാവിധ ആശംസകളും നേരുന്നു.. മുഖ്യമന്ത്രി പറഞ്ഞു. അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനോടൊപ്പം വിഷ്ണുവിന് ഉപഹാരം കൂടി നല്‍കിയാണ് യാത്രയയച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഗോപിനാഥ് മുതുകാട്, വിഷ്ണുവിന്റെ അമ്മ ദീപ, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍ എന്നിവര്‍ പങ്കെടുത്തു. നവംബര്‍ 7ന് സോഫിയാ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ 2നാണ് ഗോപിനാഥ് മുതുകാടിനൊപ്പം ഡിഫറന്റ് ആര്‍ട് സെന്ററിലെ വിഷ്ണു യാത്രയാവുന്നത്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യനീതി വകുപ്പിന്റെ അനുയാത്ര പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറും ഡിഫറന്റ് ആര്‍ട് സെന്ററിലെ എംപവര്‍ വിഭാഗത്തില്‍ ഇന്ദ്രജാലം അവതരിപ്പിച്ചുവരുന്നതുമായ വിഷ്ണുവിന്റെ ബൗദ്ധിക മാനസിക ശാരീരിക നിലകളില്‍ വന്ന മാറ്റത്തെക്കുറിച്ച് മനസ്സിലാക്കുവാനും പഠിക്കുവാനുമാണ് യൂണിവേഴ്സിറ്റി ക്ഷണിച്ചത്.
യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍മാരും ഭിന്നശേഷി മേഖലയിലെ പ്രഗത്ഭരുമായ പ്രൊഫ.അക്കീര ഒട്ചുക, തോഷിയ കാക്കൊയ്ഷി, യോഷികസു ഹിരസോവ, തോഡാ മകീകോ എന്നിവരുടെയും മറ്റ് പാനലിസ്റ്റുകളുടെയും മുമ്പില്‍ വിഷ്ണു ഇന്ദ്രജാല പ്രകടനം നടത്തും. കോണ്‍ഫറന്‍സില്‍ നടക്കുന്ന സിംപോസിയത്തില്‍ ഗോപിനാഥ് മുതുകാട് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ഇന്ദ്രജാലാധിഷ്ഠിതമായ പ്രത്യേക ബോധനപ്രക്രിയയിലൂടെ ഭിന്നശേഷിക്കുട്ടികള്‍ക്കുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് വിഷ്ണുവിനെ മുന്‍നിര്‍ത്തി വിശദീകരിക്കും.
ഇക്കഴിഞ്ഞ ജൂലായില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ ജപ്പാന്‍ സംഘത്തെ വിഷ്ണുവിന്റെ പ്രകടനം അത്ഭുതപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈയൊരു മാറ്റം മറ്റ് രാജ്യങ്ങളിലെ വിദഗ്ദ്ധര്‍ക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഫറന്‍സിലേയ്ക്ക് ക്ഷണിച്ചത്.