കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ മതനിരപേക്ഷ നിലപാട് സംരക്ഷിക്കുന്നതിനായി ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മുവാറ്റുപുഴ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മതനിരപേക്ഷതയെ വെല്ലുവിളിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ അക്രമിക്കപ്പെടുകയാണ്. ഇത് കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമാണ്. വംശഹത്യയ്ക്ക് ശ്രമം നടക്കുന്നു. പശുവിന്റെയും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയുമെല്ലാം പേരിൽ വ്യക്തികളെ കൊല ചെയ്യുന്നു. പാലസ്തീൻ പ്രശ്നത്തിൽ ഇന്ത്യ എക്കാലത്തും പാലസ്തീനൊപ്പ മായിരുന്നു. എന്നാൽ ഇപ്പോൾ ആ നയം മാറിയിരിക്കുന്നു.
ഇതിനെല്ലാം എതിരേ പ്രതികരിക്കാൻ പ്രതിപക്ഷ കക്ഷികൾക്കും കഴിയുന്നില്ല. കേരളത്തിൽ എല്ലാ വികസന പദ്ധതികളെയും എതിർക്കാനും നവകേരള സദസ്സിനെതിരേ അപവാദ പ്രചാരണം നടത്താനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പലരെയും ഭീഷണിപ്പെടുത്തിയും വകുപ്പുകളുടെ നിർബന്ധപ്രകാരവുമാണ് ജനങ്ങൾ സദസ്സിനെത്തുന്നതെന്ന ആരോപണമാണ് പ്രതിപക്ഷ കക്ഷികൾ ഉന്നയിക്കുന്നത്. ഇത് തികച്ചും നിലവാരമില്ലാത്ത പ്രസ്താവനയാണ്. നാടിന്റെ ആവശ്യമുയർത്തിയുള്ള സദസ്സാണിതെന്ന് തിരിച്ചറിഞ്ഞ് ജനങ്ങൾ ഒന്നടങ്കം എത്തുകയാണ്. കേരളത്തിന്റെ വികസനത്തിനായുള്ള രാഷ്ട്രീയമാണ് സദസ്സിൽ ചർച്ച ചെയ്യുന്നത്. നാടിന്റെ രാഷ്ട്രീയം ശരിയായ രീതിയിൽ ഉയർത്താനാണ് സർക്കാർ ശ്രമിക്കുന്നത്.
കേരളം പോലെ സമാധാനപരമായ ജീവിത സാഹചര്യമുള്ള മറ്റൊരു സംസ്ഥാനമില്ല. ക്രമസമാധാന നില ഏറ്റവും മികച്ച നിലയിലുള്ള സംസ്ഥാനവും കേരളമാണ്. വർഗീയ ശക്തികൾ ഇവിടെയുമുണ്ട്. എന്നാൽ വർഗീയതയ്ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന സർക്കാർ നിലപാടിനെ തുടർന്നാണ് ഇവിടെ വർഗീയ ശക്തികളെ അടക്കി നിർത്താൻ കഴിയുന്നത്.
എന്നിട്ടും നാടിനെ മോശമാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഡോ. ആർ. ബിന്ദു, അഹമ്മദ് ദേവർ കോവിൽ, പി.എ. മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു.
മന്ത്രിമാരായ ആന്റണി രാജു, റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, സജി ചെറിയാൻ, വി. ശിവൻ കുട്ടി, എം.ബി. രാജേഷ് മന്ത്രിമാരായ എ.കെ. ശശീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, കെ.രാധാകൃഷ് ണൻ, വി.അബ്ദുറഹിമാൻ, പി.രാജീവ്, വീണാ ജോർജ്, കെ.എൻ. ബാലഗോപാൽ, ജില്ലാ കളക്ടർ എൻ. എസ്. കെ.ഉമേഷ് എന്നിവര്‍ പങ്കെടുത്തു.