
തിരുവനന്തപുരം: നീണ്ട രണ്ടു മാസത്തെ വേനലവധിക്ക് ശേഷം കുരുന്നുകൾ പുതിയ അധ്യയന വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ബാഗും കുടയും ഒക്കെയായി കുഞ്ഞു പൂമ്പാറ്റകൾ പാറി പറഞ്ഞു. എല്ലാ കൊല്ലവും പുത്തനുടുപ്പ് നനയിക്കാനെത്തുന്ന മഴ ഇന്ന് മാറി നിന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്‌ത കനത്ത മഴയ്ക്ക് ശേഷം ഇന്ന് മാനം തെളിഞ്ഞു.
സംസ്ഥാനത്തുടനീളം എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം അതിഗംഭീരമായിട്ടാണ് കൊണ്ടാടിയത്. കുട്ടികളെ വർണ്ണ ബലൂണുകളും തൊപ്പികളുമായിട്ടാണ് അദ്ധ്യാപകർ വരവേറ്റത്. കൊച്ചി എളമക്കര സര്‍ക്കാര്‍ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
രാവിലെ 9 മണി മുതല്‍ ഒന്നാം ക്ലാസിലെത്തുന്ന കുട്ടികളെ വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. രണ്ട് ലക്ഷത്തിനാല്‍പത്തി നാലായിരത്തി അറുന്നൂറ്റി നാല്‍പത്തിയാറ് കുട്ടികളാണ് ഇതുവരെ ഒന്നാം ക്ലാസ്സിലേക്ക് വന്നുചേര്‍ന്നത്.







